‘എ.എ റഹീം ഗ്രാമർ പരീക്ഷ എഴുതാൻ പോയതല്ല’; വി.ശിവൻകുട്ടി

എ.എ റഹീം എംപിയുടെ ഇംഗ്ലീഷ് ഭാഷാ പരിമിതിയെ പരിഹസിക്കുന്നവർക്കെതിരെ മന്ത്രി വി ശിവൻകുട്ടി. എ എ റഹീം ഇംഗ്ലീഷ് അധ്യാപകൻ ഒന്നുമല്ലല്ലോയെന്നും എല്ലാ ഭാഷയിലും പരിജ്ഞാനമുള്ള വ്യക്തിയാകണമെന്ന് നിർബന്ധം ഇല്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു. സൈബർ ആക്രമണം നടത്തുന്നവരുടെ മനോഭാവമാണ് പ്രശ്നം. റഹീം ഗ്രാമർ പരീക്ഷ എഴുതാൻ പോയതല്ല. ഒരു പണിയുമില്ലാത്തവരാണ് സൈബർ ആക്രമണം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം തന്റെ ഭാഷാപരിമിതിയെ ട്രോളുന്നവരോട് ഒരു പരാതിയുമില്ലെന്ന് എ.എ റഹീം എം.പി പറഞ്ഞു. തനിക്ക് ഭാഷാപരമായ പരിമിതികളുണ്ടെങ്കിലും മനുഷ്യരുടെ സങ്കടങ്ങൾക്ക് ഒറ്റ ഭാഷയേ ഉള്ളൂവെന്നും റഹീം ഫേസ്ബുക്കിൽ കുറിച്ചു. കർണാടകയിലെ ജനങ്ങളുടെ വിഷമത്തിന്റെയും സങ്കടത്തിന്റെയും ഭാഷ മനസിലാക്കാൻ തനിക്ക് പ്രയാസമുണ്ടായില്ല. ഭാഷ മെച്ചപ്പെടുത്തി അങ്ങോട്ടേക്ക് പോകാം എന്ന് തീരുമാനിക്കാൻ ആകില്ലല്ലോയെന്നും റഹീം ചോദിച്ചു.

ഭരണകൂടഭീകരതയുടെ നേര്കാഴ്ചകൾ തേടിയാണ് അവിടേക്ക് ചെന്നത്. ശബ്ദമില്ലാത്ത എല്ലാം നഷ്ടപെട്ട ആയിരത്തോളം ദുർബലരായ ഇരകളെയാണ് അവിടെ കാണാനായത്. ആ യാത്രയെ കുറിച്ച് ഇപ്പോഴും തികഞ്ഞ അഭിമാനമേ ഉളളൂവെന്നും അദ്ദേഹം പറഞ്ഞു. ‘അവരുടെ ശബ്ദം ഇന്ന് എല്ലാ മാധ്യമങ്ങളും ഏറ്റെടുക്കുന്നു. ആരും കാണാതെ അവസാനിക്കുമായിരുന്ന കാഴ്ചകൾ ഇന്ന് ലോകം കാണുന്നു. പുനരധിവാസത്തെ കുറിച്ച് നിങ്ങൾ ഇപ്പോൾ സംസാരിക്കാൻ നിർബന്ധിതരായിരിക്കുന്നു. എന്റെ ഇംഗ്ലീഷിലെ വ്യാകരണം തിരയുന്നവരോട് ഒരു വെറുപ്പുമില്ല.’ റഹീം ഫേസ്ബുക്കിൽ കുറിച്ചു. തന്റെ ഭാഷയെ ട്രോളുന്ന തിരക്കിൽ ആ ദുർബലരായ മനുഷ്യരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ രക്ഷപ്പെടാൻ ശ്രമിക്കരുതെന്നും ഇനിയും ശബ്ദമില്ലാത്തവരെ തേടിപ്പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*