2030 ഓടെ ആരും ജീവിക്കാൻ ആഗ്രഹിക്കുന്ന നഗരമായി തിരുവനന്തപുരത്തെ മാറ്റുമെന്ന് മേയർ വി.വി. രാജേഷ്. തിരുവനന്തപുരത്തിൻ്റെ വികസന രേഖ പ്രധാനമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. വെറും 26 ദിവസം പ്രായമായ ഭരണസമിതിയാണിത്. വെറും 15 ദിവസംകൊണ്ട് ഒരു രൂപ രേഖയുണ്ടാക്കി.
ഇപ്പോൾ തയാറാക്കിയ രേഖ പൂർണമല്ല. ഫെബ്രുവരിയിൽ വികസന കോൺക്ലേവ് ചേർന്ന് വിശദമായ രേഖ തയാറാക്കും. ഡൽഹിയിൽ എത്തി അത് പ്രധാനമന്ത്രിക്ക് കൈമാറും. 101 കൗൺസിലർമാർക്കും വേണ്ടിയാണ് സംസാരിക്കുന്നതെന്നും വി വി രാജേഷ് വ്യക്തമാക്കി.
അതേസമയം അമൃത് ഭാരത് ട്രെയിൻ ഉൾപ്പെടെ വിവിധ പദ്ധതികൾ കേരളത്തിന് പ്രധാനമന്ത്രി സമർപ്പിച്ചു. തെരുവ് കച്ചവടക്കാർക്കായുള്ള ഒരു ലക്ഷം രൂപയുടെ പ്രധാനമന്ത്രി സ്വനിധി ക്രെഡിറ്റ് കാർഡ്, തോന്നയ്‌ക്കൽ ലൈഫ് സയൻസ് പാർക്കിൽ നാഷണൽ സ്ഥാപിക്കുന്ന ഇന്നോവേഷൻ ടെക്നോളജി ആൻഡ് ഓൺട്രപ്രനേർഷിപ്പ് ഹബ്ബ്, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ അത്യാധുനിക റേഡിയോ സർജറി സെൻറർ, പൂജപ്പുര ഹെഡ് പോസ്റ്റ് ഓഫീസ് എന്നിവയുടെ ശിലാസ്ഥാപന- ഉദ്ഘാടന കർമ്മങ്ങളാണ് അദ്ദേഹം നിർവഹിച്ചത്.
കേരളത്തിന്റെ വികസനത്തിന് ഇന്ന് മുതൽ പുതിയ ദിശാബോധം നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വികസിത ഭാരതത്തിനായി രാജ്യം മുഴുവൻ ശ്രമിക്കുകയാണ്. നഗരത്തിലെ പാവപ്പെട്ട കുടുംബങ്ങൾക്കായി സർക്കാർ ഒത്തിരി കാര്യങ്ങൾ ചെയ്യുന്നുണ്ട്. കേരളത്തിലെ നഗരങ്ങളിലെ ദരിദ്ര കുടുംബങ്ങൾക്കും ആവാസ് യോജന വഴി വീട് കിട്ടിയെന്നും മോദി പറഞ്ഞു. പുത്തരിക്കണ്ടം മൈതാനത്ത് സംസാരിക്കുകയായിരുന്നു മോദി. എന്റെ സുഹൃത്തുക്കളെ എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു മോദിയുടെ പ്രസംഗം.



Be the first to comment