വോട്ടവകാശം പുനസ്ഥാപിച്ചതിൽ പ്രതികരിച്ച് മുട്ടട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷ്. വളരെയധികം സന്തോഷം തോന്നുന്നുവെന്നും പാർട്ടിയിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിച്ചുവെന്നും വൈഷ്ണ പറഞ്ഞു. ഹൈക്കോടതി ജഡ്ജിക്ക് നന്ദി അറിയിച്ച വൈഷ്ണ, ആര് വിജയിക്കണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണെന്നും അഭിപ്രായപ്പെട്ടു.
എല്ലാ സഹപ്രവർത്തകരും ഒന്നടങ്കമായി നിന്ന് പോരാടി. വിവാദം പോസിറ്റീവാകുമെന്ന് ആളുകൾ പറയുന്നു. അഞ്ച് ദിവസം പ്രചാരണം നിർത്തിവയ്ക്കേണ്ടി വന്നു. അത് പാർട്ടി ആവശ്യപ്പെട്ടിട്ടല്ല, സ്വയം എടുത്ത തീരുമാനമാണെന്നും വൈഷ്ണ വ്യക്തമാക്കി.
അതേസമയം തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാം. വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിറക്കി. വോട്ട് ചേർത്തത്തോടെ വൈഷ്ണക്ക് ഇനി മത്സരിക്കാൻ തടസമുണ്ടാകില്ല.
ഹൈക്കോടതി നിർദേശത്തെ തുടർന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ നേരിട്ട് ഇന്നലെ ഹിയറിങ്ങ് നടത്തിയിരുന്നു. വൈഷ്ണയും പരാതിക്കാരനായ സിപിഐഎം പ്രവർത്തകനും കോർപ്പറേഷൻ ഉദ്യോഗസ്ഥരും ഹാജരായി.
ഔദ്യോഗിക രേഖകളിൽ ഉള്ള വിലാസത്തിലാണ് വോട്ട് ചേർക്കാൻ അപേക്ഷ നൽകിയതെന്നും മുട്ടട വാർഡിലെ താമസക്കാരിയാണെന്നും വൈഷ്ണ അറിയിച്ചു. ഏഴ് വർഷമായി താമസിക്കാത്ത വിലാസത്തിലാണ് വൈഷ്ണ വോട്ട് ചേർത്തത് എന്ന പരാതിയിൽ സിപിഐഎം പ്രവർത്തകൻ ധനേഷ് ഉറച്ചുനിന്നു. വോട്ട് വെട്ടിയതിനെ കോർപ്പറേഷനും ന്യായീകരിച്ചു. വൈഷ്ണയുടെ കാര്യത്തിൽ ശരിയായ തീരുമാനം എടുക്കണം എന്ന് കഴിഞ്ഞ ദിവസം നിർദേശം നൽകിയ ഹൈക്കോടതി, ഇല്ലെങ്കിൽ സവിശേഷ അധികാരം ഉപയോഗിക്കുമെന്നും സൂചിപ്പിച്ചിരുന്നു.



Be the first to comment