തന്ത്രിക്ക് വാജി വാഹനം നൽകിയത് ആചാരം, പുതിയ കൊടിമരം സ്ഥാപിച്ചപ്പോൾ വാജി വാഹനം നൽകി; മുൻ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിൽ

തന്ത്രിക്ക് വാജി വാഹനം നൽകിയത് ഒരു ആചാരമാണ്, അത് അനുസരിച്ചാണ് നൽകിയതെന്ന് മുൻ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിൽ. ഞങ്ങൾക്ക് മുൻപുള്ള ബോർഡാണ് കൊടിമരം നിർമിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയത്. ഞങ്ങൾ വന്നതിന് ശേഷം സ്‌പോൺസറെ കണ്ടെത്തി.ഫെലിക്സ് ഗ്രൂപ്പാണ് തയാറാക്കിയതെന്നും അജയ് തറയിൽ വ്യക്തമാക്കി.

2017ലാണ് പഴയ കൊടിമരം മാറ്റി പുതിയ കൊടിമരം സ്ഥാപിക്കാനുള്ള പ്രവൃത്തികള്‍ തുടങ്ങിയത്. കോണ്‍ഗ്രസ് നേതാവായ പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡൻറായി ഭരണ സമിതിയാണ് പുതിയ കൊടിമരം സ്ഥാപിച്ചത്. അന്നത്തെ ദേവസ്വം ഭരണസമിതിയിലെ അംഗമായിരുന്നു അജയ് തറയിൽ.

തന്ത്രിക്കാണ് വാജിവാഹനത്തിൻ്റെ അവകാശമെന്ന് പ്രസിഡൻ്റാണ് പറഞ്ഞത്. പുതിയ കൊടിമരം സ്ഥാപിച്ചപ്പോഴാണ് വാജി വാഹനം തന്ത്രിക്ക് നൽകിയത്. സ്വർണ്ണം പൂശിയ പറകൾ, അഷ്ടദിക് പാലകർ, അടക്കം പഴയ കൊടിമരത്തിന്‍റെ എല്ലാഭാഗങ്ങളും സ്ട്രോങ്ങ് റൂമിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിന് മഹസർ തയ്യാറാക്കി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. സ്ട്രോങ്ങ് റൂമിൽ അവയെല്ലാം ഇപ്പോൾ ഉണ്ടോയെന്ന് തനിക്കറിയില്ല.

കൊടിമരത്തിന് സ്വർണ്ണം സ്പോൺസർ ചെയ്തത് ആന്ധ്രയിൽ നിന്നുള്ള ഫിനിക്സ് ഗ്രൂപ്പാണ്. മറ്റാരുടെയും സ്വർണം നിർമ്മാണത്തിന് ഉപയോഗിച്ചിട്ടില്ല.ദേവസ്വം മാന്വവൽ അനുസരിച്ചായിരുന്നു നിര്‍മാണം. കൈകള്‍ ശുദ്ധമാണെന്നും ഏത് അന്വേഷണത്തെയും നേരിടുമെന്നും അജയ് തറയിൽ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*