ട്രെയിനിലെ പെൺകുട്ടിക്കെതിരായ ആക്രമണം, പ്രകോപനം പുകവലി ചോദ്യം ചെയ്തതെന്ന് പോലീസ്. റിമാൻഡ് റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത്. പ്രതി പുകവലിച്ചുകൊണ്ട് പെൺകുട്ടികളുടെ അടുത്തെത്തി. മാറിനിന്നില്ലെങ്കിൽ പരാതിപ്പെടുമെന്ന് പെൺകുട്ടികൾ പറഞ്ഞു. ഇതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്ന് പോലീസ് കണ്ടെത്തൽ.
പ്രതി പുകവലിച്ചത് ശുചിമുറിക്ക് സമീപം നിന്ന്. വാതിൽപ്പടിയിലിരുന്ന ശ്രീക്കുട്ടിയെ ശക്തിയായി ചവിട്ടി. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ആക്രമിച്ചെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. പ്രതി ട്രെയിനിൽ കയറിയത് രണ്ട് ബാറുകളിൽ നിന്ന് മദ്യപിച്ച ശേഷം. പ്രതിക്കൊപ്പം ഒരു സുഹൃത്തും ട്രെയിനിൽ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. പ്രതിക്കെതിരെ ചുമത്തിയത് വധശ്രമം അടക്കം 6 വകുപ്പുകളാണ്.
അതേസമയം പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിലാണ് പരിക്കേറ്റ ശ്രീക്കുട്ടി (22). തലക്കും നട്ടെല്ലിനും വീഴ്ചയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
പെൺകുട്ടിയുടെ തലയോട്ടിക്ക് പൊട്ടലും ആഴത്തിലുള്ള ക്ഷതങ്ങളും സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം. മെഡിക്കൽ ബോർഡ് രൂപീകരിച്ച് പെൺകുട്ടിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. മകള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നില്ലെന്ന് ശ്രക്കുട്ടിയുടെ അമ്മ ആരോപണം ഉന്നയിച്ചിരുന്നു.
ഞായറാഴ്ച രാത്രിയാണ് മദ്യലഹരിയിലായിരുന്ന പ്രതി വെള്ളറട പനച്ചുമൂട് വേങ്ങോട് വടക്കിൻകര വീട്ടിൽ സുരേഷ് കുമാർ (50) പെൺകുട്ടിയെ ഓടുന്ന ട്രെയിനിൽനിന്ന് ചവിട്ടി തള്ളിയിട്ടത്. തിരുവനന്തപുരത്തേക്കുള്ള കേരള എക്‌സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റിലായിരുന്നു സംഭവം. തിരുവനന്തപുരം പാലോട് സ്വദേശിനിയാണ് ശ്രീക്കുട്ടി. ഇവർ ട്രാക്കിലേക്ക് തലയടിച്ച് വീഴുകയായിരുന്നു.



Be the first to comment