
ഷാഫി പറമ്പില്‍ എംപിക്കെതിരെ അധിക്ഷേപം ഉന്നയിച്ച സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബുവിനെ ആ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഷാഫിക്കെതിരെ അയാള്‍ പറഞ്ഞത് ആരോപണമല്ല. അധിക്ഷേപമാണ്. സ്ത്രീകള്‍ക്കെതിരെ എല്ലായിടത്തും മോശമായി സംസാരിക്കുന്നവരാണ് സിപിഎമ്മുകാരെന്നും ജനങ്ങള്‍ ഇവരെ കൈകാര്യം ചെയ്യുന്നതിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും വിഡി സതീശന് പറഞ്ഞു.
ഇഎന്‍ സുരേഷ് ബാബുവിൻ്റെ പരാമര്‍ശത്തില്‍ ഷാഫി പരാതി കൊടുക്കുമെന്നാണ് കരുതുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് എടുത്ത് അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന് സതീശന് പറഞ്ഞു. പറവൂരില്‍ പരാതിയില്‍ പറയാത്തവര്ക്കെതിരെ പോലും കേസ് ആണ്. ഗോപാലകൃഷ്ണൻ്റെ ഭിന്നശേഷിക്കാരിയായ ഭാര്യയുടെ പരാതിയില്‍ പോലും കേസ് എടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. തെരഞ്ഞെടുത്ത ജനപ്രതിനിധിക്കെതിരെ പരസ്യമായി ഒരു ജില്ലാ സെക്രട്ടറി അസംബന്ധമാണ് പറഞ്ഞിരിക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനം ഉത്തരവാദിത്വപ്പെട്ട ഒന്നാണെന്നാണ് കരുതിയത്. സിപിഎമ്മിന് മാത്രം ഒരുനിയമവും മറ്റുള്ളവര്‍ക്ക് മറ്റൊരുനിയമവുമാണ് ഇവിടെ നിലനില്‍ക്കുന്നത്. ജനങ്ങള്‍ ഇവരെ കൈകാര്യം ചെയ്യുന്നതിലേക്ക് കാര്യങ്ങള്‍ പോകുകയാണ്. അത്രയേറെ അസംബന്ധമാണ് അവര്‍ പറയുന്നതെന്നും സതീശന് പറഞ്ഞു.
പാലക്കാട്ട് യുഡിഎഫിന് ഭൂരിപക്ഷം കൂട്ടിത്തന്നത് ആ ജില്ലാ സെക്രട്ടറിയാണ്. ഇവര്‍ക്കൊന്നും പറയാനില്ലാത്തത് കൊണ്ട് കുറെ പേരെ അഴിച്ചുവിട്ടിരിക്കുകയാണ്. അവര്‍ സോഷ്യല്‍ മീഡിയയിലും പൊതുയോഗങ്ങളിലും ആര്‍ക്കുമെതിരെ എന്തും പറയാന്‍ ഇവര്‍ക്ക് മടിയില്ലാത്തവരാണെന്നും സതീശന് പറഞ്ഞു.
വയനാട്ടില്‍ ഒരുപാട് വിഷയങ്ങള്‍ ഉയര്‍ന്നുവന്നു. അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന് രാജിവച്ചിരിക്കുന്നത്. അക്കാര്യം പാര്‍ട്ടി നേതൃത്വം പരിശോധിക്കും. അത് സംഘടനാ വിഷയമായതുകൊണ്ട് പാര്‍ട്ടി നേതൃത്വം അഭിപ്രായം പറയുമെന്നും സതീശന് പറഞ്ഞു.
Be the first to comment