കിഫ്ബി മസാല ബോണ്ട് ഇടപാടിൽ ഗുരുതരമായ അഴിമതി നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്ഥാനത്തിന് വലിയ ധനനഷ്ടം ഉണ്ടായി. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഭയപ്പെടുത്താൻ വേണ്ടി മാത്രമാണ് നോട്ടീസ് അയക്കുന്നത്. മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മുൻപും നോട്ടീസ് അയച്ചിട്ടും എന്തായെന്നും വിഡി സതീശൻ ചോദിച്ചു.
മസാല ബോണ്ടിൽ കടം എടുത്തത് തെറ്റാണ്. ഒന്നര ശതമാനം പലിശയ്ക്ക് പണം കിട്ടും എന്നിട്ടും കൂടിയ പലിശയ്ക്ക് പണം എടുത്തുവെന്ന് വിഡി സതീശൻ പറഞ്ഞു. തോമസ് ഐസക് പറയുന്നത് തെറ്റാണ്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മണിയടിക്കാൻ മാത്രം മുഖ്യമന്ത്രി പോയി. പണം നിക്ഷേപിക്കുന്ന ആർക്കും മണിയടിക്കാം. നടന്നത് പി ആർ സ്റ്റണ്ടാണെന്ന് അദേഹം പറഞ്ഞു.
മുഖ്യമന്ത്രി മണിയടിക്കാൻ പോകുന്നതിന് മുൻപ് സംസ്ഥാനം സോവറിംഗ് ഗ്യാരണ്ടി നൽകിയതിനെ കുറിച്ച് ആലോചിക്കണമെന്ന് വിഡി സതീശൻ പറഞ്ഞു. എന്തായിരുന്നു അന്ന് പിആർ സ്റ്റണ്ട്. ഇപ്പോൾ പറയുവാ ഒരു ബന്ധവുമില്ലെന്ന്. ഏതാ കിഫ്ബി എന്ന് ചോദിക്കാത്തത് ഭാഗ്യമെന്ന് വിഡി സതീശൻ പറഞ്ഞു. ഒഴിഞ്ഞുമാറിയാൽ വലിയ തമാശയാകും. മലയാളികളെ ഇങ്ങനെ ചിരിപ്പിക്കരുതെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു.



Be the first to comment