‘ആഗോള അയ്യപ്പസംഗമത്തില്‍ സര്‍ക്കാരിന് പങ്കില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ചിത്രം വച്ചുള്ള പിആര്‍ വര്‍ക്ക് എന്തിനായിരുന്നു?’ പ്രതിപക്ഷ നേതാവ്

ആഗോള അയ്യപ്പ സംഗമത്തിന്റെ വരവ്-ചെലവ് കണക്കുകളുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാരും പാര്‍ട്ടിയും എല്ലാവരും ഇതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പറഞ്ഞ് കൈകഴുകുകയാണ്. ആര്‍ക്കും പങ്കില്ലെങ്കില്‍ ഇതാരാണ് നടത്തിയതെന്ന് വി ഡി സതീശന്‍ ചോദിച്ചു. സര്‍ക്കാരിനും മുഖ്യമന്ത്രിയ്ക്കും ഇതുമായി യാതൊരു ബന്ധവുമില്ലെങ്കില്‍ അയ്യപ്പസംഗമത്തിന്റെ പോസ്റ്ററില്‍ മുഖ്യമന്ത്രിയുടെ ചിത്രം വച്ചുള്ള പി ആര്‍ വര്‍ക്കിനും അതുവഴി രാഷ്ട്രീയ മുതലെടുപ്പിനുമുള്ള ശ്രമങ്ങള്‍ എന്തിനായിരുന്നുവെന്നും വി ഡി സതീശന്‍ ചോദിച്ചു. 

വരവ്-ചെലവ് കണക്കുകളില്‍ വലിയ ക്രമക്കേടെന്ന് പറഞ്ഞത് കോടതിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വര്‍ണക്കൊള്ളയുടെ തുടര്‍ച്ചയായി വേണം ഇതിനെ കാണാന്‍. ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ പോലും പാലിച്ചിട്ടില്ല. നടപടിക്രമങ്ങള്‍ പാലിക്കാതെ നടത്താന്‍ ഇത് ആരുടേയും വീട്ടിലെ കല്യാണമല്ല. സഭയില്‍ ദേവസ്വം മന്ത്രി പറഞ്ഞ കണക്കുകളും ദേവസ്വം ബോര്‍ഡ് കോടതിയില്‍ സമര്‍പ്പിച്ച കണക്കുകളിലും വ്യത്യാസമുണ്ടെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

അയ്യപ്പസംഗമം നടത്തുന്നത് സര്‍ക്കാരാണെന്നാണ് അവര്‍ ആദ്യം പ്രചരിപ്പിച്ചതെന്ന് വി ഡി സതീശന്‍ പറഞ്ഞു. അയ്യപ്പസംഗമത്തിന്റെ മറവില്‍ കോടികളുടെ അഴിമതി നടന്നതായി സംശയിക്കുന്നുണ്ട്. സ്‌പോണ്‍സര്‍ഷിപ്പെന്ന പേരില്‍ കള്ളപ്പിരിവും നടന്നു. സിപിഐഎമ്മിനും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാനാകില്ല. പാര്‍ട്ടിയുടെ പൊളിറ്റിക്കല്‍ അപ്പോയ്ന്‍മെന്റാണ് ദേവസ്വം ബോര്‍ഡില്‍ നടക്കുന്നത്. ആര്‍ക്കും കൈകഴുകി പോകാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Be the first to comment

Leave a Reply

Your email address will not be published.


*