ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇപ്പോള്‍ അറസ്റ്റിലായവര്‍ ഉന്നതരല്ലെന്നും നീതിപൂര്‍വമായ അന്വേഷണം നടന്നാല്‍ മുന്‍ ദേവസ്വം മന്ത്രിക്കും അതിനു മുകളിലേക്കും നീങ്ങുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തെരഞ്ഞെടുപ്പ് കാലത്ത് ഉന്നതരലിലേക്ക് അന്വേഷണം നീങ്ങാതിരിക്കാന്‍ എസ്‌ഐടിക്ക് മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദം ചെലുത്തിയെന്നും സതീശന്‍ പറഞ്ഞു. യുഡിഎഫ് പറഞ്ഞ ആരോപണങ്ങള്‍ അടിവരയിടുന്നതാണ് ഇന്ന് ഹൈക്കോടതി വ്യക്തമാക്കിയതെന്നും സതീശന്‍ പറഞ്ഞു.
സിപിഎം പ്രതിക്കൂട്ടിലാകുമെന്ന് മനസിലാക്കിയാണ് തെരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് എസ്‌ഐടിക്ക് മേല്‍ സമ്മര്‍ദം ചെലുത്തിയത്. ഇപ്പോഴും എസ്‌ഐടിയില്‍ പൂര്‍ണവിശ്വാസമുണ്ട്. അവര്‍ അന്വേഷിച്ചാല്‍ ശരിയായ പ്രതികളെ കണ്ടെത്താനാകും. എന്നാല്‍ അവര്‍ ആഭ്യന്തരവകുപ്പിന് കീഴിലെ ഉദ്യോഗസ്ഥരാണെന്നത് ഓര്‍ക്കേണ്ടതുണെന്നും സതീശന്‍ പറഞ്ഞു. അന്വേഷണം പെട്ടന്ന് മന്ദഗതിയിലേക്ക് പോയെന്നും സതീശന്‍ പറഞ്ഞു.
സ്വര്‍ണക്കൊള്ളയില്‍ അന്തര്‍ സംസ്ഥാന വ്യാപനം ഉണ്ടായ സ്ഥിതിക്ക് കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നതില്‍ തെറ്റില്ല. ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാകുന്നതിനോടാണ് വിയോജിപ്പുള്ളത്. ഇതിന്റെ മറവില്‍ വന്‍തുക കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നില്‍ അന്താരാഷ്്ട്ര റാക്കറ്റ് ഉണ്ടെന്നും തുടക്കത്തിലേ പ്രതിപക്ഷം ആക്ഷേപിച്ച കാര്യങ്ങള്‍ ശരിവയ്ക്കുന്നതാണ് കോടതിയുടെ കണ്ടെത്തലെന്നും സതീശന്‍ പറഞ്ഞു. ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ചയെ കുറിച്ച് അന്നത്തെ ദേവസ്വം മന്ത്രിക്ക് അറിയാമായിരുന്നു. മന്ത്രിക്ക് പോറ്റിയുമായി അടുത്ത ബന്ധമാണ് ഉള്ളത്. അന്നത്തെ മന്ത്രിയെ ചോദ്യം ചെയ്യണം. നീതിപൂര്‍വമായി അന്വേഷണം നടത്തിയാല്‍ മന്ത്രിയില്‍ മാത്രം ഒതുങ്ങില്ലെന്നും സതീശന്‍ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ 47ശതമാനം വോട്ട് നേടുകയാണ് യുഡിഎഫിന്റെ ലക്ഷ്യം. സിപിഎമ്മിനെ തോല്‍പ്പിക്കാനല്ല അവര്‍ തോറ്റെന്ന് ബോധ്യപ്പെടുത്താനാണ് ശ്രമമെന്നും സന്ദേശം സിനിമ ഇപ്പോഴാണ് ഇറങ്ങിയതെങ്കില്‍ പരാഡി ഗാനം നിരോധിച്ചതുപോലെ നിരോധിക്കുമായിരുന്നുവെന്നും വിഡി സതീശന്‍ പരിഹസിച്ചു.



Be the first to comment