രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സ്വീകരിച്ച നടപടിയില്‍ തങ്ങളെല്ലാവരും അഭിമാനിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രാഹുലിനെതിരെ ലഭിച്ച പുതിയ പരാതി പോലീസിന് കൈമാറിയ ശേഷം വിശദമായി കൂടിയാലോചന നടന്നെന്നും രാഹുലിനെ പുറത്താക്കാന്‍ ഇന്നലെ തന്നെ തീരുമാനമെടുത്തെന്നും വി ഡി സതീശന്‍ പറഞ്ഞു. യുവതി പരാതി പറയാന്‍ പോകുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫിസിന് മുന്‍കൂട്ടി അറിയാമായിരുന്നുവെന്നും എന്നിട്ടും രാഹുലിനെ അറസ്റ്റ് ചെയ്യാന്‍ അവര്‍ ശ്രമിക്കാതിരുന്നത് ഈ വിഷയം തിരഞ്ഞെടുപ്പ് കഴിയും വരെ ലൈവായി നിര്‍ത്താന്‍ വേണ്ടിയായിരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ള, ജനങ്ങള്‍ക്കുള്ള ഭരണവിരുദ്ധ വികാരം മുതലായവ ചര്‍ച്ച ചെയ്യാതെ രാഹുല്‍ വിഷയം മാത്രം ചര്‍ച്ചയാക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും വി ഡി സതീശന്‍ പറഞ്ഞു.
പരാതി മണിക്കൂറുകള്‍ പോലും കൈയില്‍ വയ്ക്കാതെ നേരെ പോലീസിന് കൈമാറുകയാണ് കെപിസിസി അധ്യക്ഷന്‍ ചെയ്തതെന്ന് വി ഡി സതീശന്‍ പറഞ്ഞു. തങ്ങളെ ഉപദേശിക്കുന്നവരോട് എകെജി സെന്ററില്‍ മാറാല പിടിച്ചിരിക്കുന്ന പരാതികള്‍ പോലീസിന് കൈമാറണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുല്‍ മാങ്കൂട്ടത്തില്‍ ഇപ്പോള്‍ കോണ്‍ഗ്രസിന് പുറത്താണ്. എംഎല്‍എ സ്ഥാനം രാജിവയ്ക്കണോ എന്നത് രാഹുലിന്റെ തീരുമാനമാണ്. നിങ്ങളിപ്പോള്‍ പറയുന്ന സാങ്കേതികത്വം മുകേഷിന്റെ കാര്യത്തില്‍ ഉന്നയിക്കാനും അത് മുഖ്യമന്ത്രിയോട് ചോദിക്കാനും ആരും ധൈര്യപ്പെട്ടിട്ടില്ലല്ലോ എന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് ചോദിച്ചു.
തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. പോലീസ് കേസ് എടുത്തതിന് പിന്നാലെ ഒളിവില്‍ പോയ എംഎല്‍എ എട്ടാം ദിവസവും കാണാമറയത്താണ്. കീഴടങ്ങുമോ, അതോ എസ്‌ഐടി പിടികൂടുമോ, ഈ രണ്ട് ചോദ്യങ്ങള്‍ക്കാണ് ഇനി ഉത്തരം വേണ്ടത്.
ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു. സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റതിന്റെ ഒന്നാം വാര്‍ഷിക ദിനത്തിലാണ് രാഹുലിനെതിരായ നടപടി. രാഹുല്‍ എംഎല്‍എ സ്ഥാനം ഒഴിയണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.



Be the first to comment