ഇടുക്കി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതികളിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൂടുതൽ നടപടികൾ പാർട്ടി ആലോചിച്ച് തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ‘ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം ഉണ്ടാകും. നേതാക്കൾ കൂടിയാലോചിച്ച് നടപടിയെടുക്കും. ബോധ്യങ്ങളിൽ നിന്നാണ് തീരുമാനം എടുക്കുന്നത്. പാർട്ടി പ്രതിരോധത്തിലല്ല.
പാർട്ടിക്ക് ഒരു പോറൽ പോലും ഏൽക്കില്ല. കോൺഗ്രസ് തല ഉയർത്തിയാണ് നിൽക്കുന്നത്. സിപിഎമ്മിനെയും കോൺഗ്രസിനെയും ജനം വിലയിരുത്തും. സിപിഎം നേതാക്കൾക്ക് എതിരെ ലഭിച്ച പരാതികൾ എകെജി സെൻ്ററിൽ കെട്ടിക്കിടക്കുകയാണെന്ന് വിഡി സതീശൻ പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് വന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതികൾ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കില്ലെന്നും പരാതിയില്‍ പോലീസ് അന്വേഷിച്ച് നടപടി സ്വീകരിക്കട്ടെയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ശബരിമല വിഷയത്തിലെ സിപിഎമ്മിൻ്റെ നിലപാടിനെയും വിഡി സതീശൻ വിമർശിച്ചു. അയ്യപ്പൻ്റെ സ്വർണം മോഷ്ടിച്ച ആളുകൾക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎം പാർട്ടി സെക്രട്ടറിക്ക് മുമ്പ് കിട്ടിയ പരാതികൾ പോലീസിൽ പോലും എത്തിയിട്ടില്ലെന്നും പീഡന പരാതികൾ പാർട്ടിക്കുള്ളിൽ തീർത്ത ചരിത്രമാണ് സിപിഎമ്മിനുള്ളതെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചിരുന്നു.



Be the first to comment