തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ കടകംപള്ളിയെ തൊടാത്തത് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടത് കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്.എസ്ഐടിയുടെ മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വന്‍ സമ്മര്‍ദമുണ്ടെന്നും സതീശന് ആരോപിച്ചു.
തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കടകംപള്ളി സുരേന്ദ്രനെ ചോദ്യംചെയ്യരുതെന്ന സമ്മര്‍ദം എസ്ഐടിക്ക് മീതെ മുഖ്യമന്ത്രിയുടെ ഓഫീസ് ചെലുത്തുന്നുണ്ട്. കാരണം, കടകംപള്ളിയുടെ പേര് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ പറഞ്ഞുകഴിഞ്ഞു. പ്രതിപക്ഷത്തിന്റെ പക്കലും കടകംപള്ളിയും ഉണ്ണിക്കൃഷ്ണന് പോറ്റിയും തമ്മില്‍ ബന്ധമുണ്ടെന്നതിന്റെ തെളിവുകളുണ്ട്. ചോദ്യംചെയ്യല്‍, തെരഞ്ഞെടുപ്പ് കാലത്ത് അജണ്ടയാകാതിരിക്കാന്‍ വൈകിക്കാന്‍ പരമാവധി നോക്കുകയാണ്, സതീശന് ആരോപിച്ചു.
സിപിഎമ്മിന് നേര്‍ക്കും പ്രതിപക്ഷ നേതാവ് രൂക്ഷവിമര്‍ശനമുന്നയിച്ചു. പ്രധാന സിപിഎം നേതാക്കളായ രണ്ട് ദേവസ്വംബോര്‍ഡ് പ്രസിഡന്റുമാര്‍ ജയിലിലായിട്ടും അവര്‍ക്കെതിരേ നടപടി എടുക്കില്ലെന്ന വാശിയിലാണ് സിപിഎം, .അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്ന കേസില്‍ എസ്ഐടി അന്വേഷിച്ച് തെളിവുകള്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് ജയിലില്‍ കിടക്കുന്ന, കോടതി ജാമ്യം നിഷേധിച്ച, പ്രതികള്‍ക്കെതിരേപോലും നടപടി എടുക്കാത്ത പാര്‍ട്ടിയാണ് സിപിഎം എന്നും അദ്ദേഹം വിമര്‍ശിച്ചു.
കേരളത്തിന് മുന്നില്‍ സിപിഎം നാണംകെട്ട് നില്‍ക്കുകയാണെന്ന് പറഞ്ഞ വി ഡി സതീശന് ബലാത്സംഗക്കേസില്‍ പ്രതിയായ എംഎല്‍എയെ പാര്‍ട്ടി പുറത്താക്കിയോ എന്നും ചോദിച്ചു. രാഹുലിന്റെ അറസ്റ്റ് വൈകുന്നതിന് പിന്നില്‍ രാഷ്ട്രീയമാണെന്നും സര്‍ക്കാരിനെതിരായ വിഷയങ്ങള്‍ ചര്‍ച്ചയാകാതിരിക്കാനുളള തന്ത്രമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.



Be the first to comment