‘ആശയങ്ങളില്‍ വെള്ളം ചേര്‍ക്കാത്ത തികഞ്ഞ കമ്മ്യൂണിസ്റ്റ്, നീതിമാനായ ഭരണാധികാരി’; ജി സുധാകരനെ പുകഴ്ത്തി വി ഡി സതീശന്‍

ടി.ജെ.ചന്ദ്രചൂഢന്‍ സ്മാരക അവാര്‍ഡ് ദാനചടങ്ങില്‍ പരസ്പരം പുകഴ്ത്തി മുതിര്‍ന്ന സിപിഐഎം നേതാവ് ജി.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും. മന്ത്രിയായിട്ടില്ലെങ്കിലും പ്രതിപക്ഷത്തെ പ്രഗത്ഭനായ നേതാവാണ് വി ഡി സതീശനെന്ന് ജി.സുധാകരന്‍ പ്രശംസിച്ചു. ആശയങ്ങളില്‍ വെളളം ചേര്‍ക്കാത്തയാളും നീതിമാനായ മന്ത്രിയുമായിരുന്നു ജി.സുധാകരന്‍ എന്നായിരുന്നു സതീശന്റെ പുകഴ്ത്തല്‍. സൈബര്‍ പോരാളികള്‍ക്കെതിരായ നിലപാടിലും സതീശനും സുധാകരനും ഒന്നിച്ചു.  

കോണ്‍ഗ്രസ് വേദിയില്‍ എത്തിയതിന് പിന്നാലെ ആര്‍.എസ്.പി നേതാവിന്റെ പേരിലുളള പുരസ്‌കാരം ഏറ്റുവാങ്ങാന്‍ എത്തിയ ജി.സുധാകരനായിരുന്നുചടങ്ങിലെ ശ്രദ്ധാകേന്ദ്രം. ആശംസകള്‍ നേര്‍ന്ന ആര്‍എസ്പിസംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണും സിഎംപി ജനറല്‍ സെക്രട്ടറി സി.പി.ജോണും സുധാകരനെ പ്രശംസ കൊണ്ടുമൂടി. പുരസ്‌കാരദാനം നടത്തിയ വിഡി സതീശന്റെ പ്രശംസ വേറിട്ട് നിന്നു. മറുപടി പ്രസംഗം നടത്തിയ ജി.സുധാകരനും നല്ല വാക്കുകള്‍ കൊണ്ട് സതീശനോടുളള കടംവീട്ടുകയായിരുന്നു.

താന്‍ കണ്ടതില്‍ വച്ച് ഏറ്റവും നല്ല പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ് ജി സുധാകരനെന്നായിരുന്നു വി ഡി സതീശന്റെ പുകഴ്ത്തല്‍. ഇതുപോലൊരാളെ താന്‍ അവരുടെ കൂട്ടത്തിലും തങ്ങളുടെ കൂട്ടത്തിലും കണ്ടിട്ടില്ല. ജി സുധാകരന് ഒരു അവാര്‍ഡ് നല്‍കുകയെന്നാല്‍ അത് തനിക്ക് കൂടിയുള്ള ആദരവാണെന്നും അദ്ദേഹം പരിപാടിയില്‍ പറഞ്ഞു. 1000 കോടി രൂപ ജി സുധാകരന്റെ കൈയിലേക്ക് അലോട്ട്‌മെന്റ് വന്നാല്‍ അത് 140 എംഎല്‍എമാര്‍ക്കും കൃത്യമായി വിതരണം ചെയ്യുന്ന മറ്റാരേയും താന്‍ കണ്ടിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*