
തിരുവനന്തപുരം: മാലിന്യ സംസ്‌ക്കരണം സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് എഴുതിയ തുറന്ന കത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അവകാശവാദങ്ങളൊക്കെ തുറന്ന കത്തിലാക്കിയത് നന്നായെന്ന് പരിഹസിച്ച വിഡി സതീശൻ അത് വായിച്ചവരാരും അത് എംബി രാജേഷിൻ്റെ പാർട്ടി പ്രവർത്തകരായാലും സമ്മതിച്ചു തരില്ലെന്നും വ്യക്തമാക്കി.
സംസ്ഥാനത്ത് എവിടെയാണ് മാലിന്യക്കൂമ്പാരമില്ലാത്തത്? ഏതെങ്കിലും ഒരു പഞ്ചായത്തോ വാര്‍ഡോ ഉണ്ടോ? പിന്നെ, മാലിന്യ നീക്കത്തിന് വേണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച നടപടികളെ കുറിച്ച് അങ്ങ് വിശദമാക്കുന്നുണ്ട്. അത്തരം നടപടികള്‍ക്ക് പൂര്‍ണപിന്തുണ നല്‍കാം. പക്ഷെ മാലിന്യക്കൂമ്പാരത്തിന് നടുവില്‍ കിടന്നു കൊണ്ട് ഇവിടെ എല്ലാം ശരിയാക്കിയെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് പൊതുജനത്തോടുള്ള വെല്ലുവിളിയാണെന്ന് വിനയപൂര്‍വം ഓര്‍മ്മപ്പെടുത്തട്ടെയെന്നും വിഡി സതീശൻ ചൂണ്ടിക്കാണിച്ചു.
ജനരോഷമുണ്ടായപ്പോള്‍ മാലിന്യക്കൂന ബസ് സ്റ്റാന്‍ഡില്‍ നിന്നും മാറ്റി പഞ്ചായത്ത് പ്രസിഡന്റിന്റെ പഴയ വീടിന്റെ മുറ്റത്ത് കൂട്ടിയിട്ടു. ഒന്നര മാസം മുന്‍പ് നടന്ന ഈ സംഭവത്തിന്റെ ചിത്രങ്ങള്‍ അടക്കം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കേരളത്തില്‍ നിരവധി എംസിഎഫുകള്‍ നിര്‍മ്മിച്ചതായി തദ്ദേശ മന്ത്രി അവകാശപ്പെടുമ്പോഴാണ് അങ്ങയുടെ തന്നെ മണ്ഡലത്തില്‍ നിന്നുള്ള ഈ കാഴ്ച. കേരളത്തിലെ ഭൂരിഭാഗം മേഖലകളിലും ഇതുതന്നെയാണ് അവസ്ഥയെന്നും വിഡി സതീശൻ ചൂണ്ടിക്കാണിച്ചു.
മാലിന്യ സംസ്‌കരണത്തില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് സംസ്ഥാനത്ത് വ്യാപകമായി ജലജന്യരോഗങ്ങള്‍ ഉള്‍പ്പെടെ പടര്‍ന്നു പിടിക്കുന്നതെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. ആരോഗ്യരംഗത്ത് മുന്‍പന്തിയിലാണെന്ന് അവകാശപ്പെടുന്ന ഒരു സംസ്ഥാനത്ത് ഒരിക്കലും വന്നു കൂടാത്ത കോളറ അടക്കമുള്ള രോഗങ്ങളാണ് പടര്‍ന്നു പിടിക്കുന്നത്. ഇതിന് കാരണം മഴക്കാല പൂര്‍വ ശുചീകരണവും മാലിന്യസംസ്‌കരണവും പാളിയതല്ലെങ്കില്‍ പിന്നെ എന്താണെന്നും വിഡി സതീശൻ ചോദിച്ചു.
‘അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം പ്രതികരിക്കുന്ന ഒരു സംവിധാനമായി ഭരണകൂടം മാറിയിരിക്കുകയാണ്. ആമയിഴഞ്ചാന്‍ തോട്ടില്‍ ജോയ് എന്ന പാവപ്പെട്ട തൊഴിലാളിയെ കാണാതയപ്പോഴാണ് ടണ്‍ കണക്കിന് മാലിന്യങ്ങള്‍ നീക്കിയത്. ഇത് നേരത്തെ ചെയ്തിരുന്നെങ്കില്‍ ജോയിക്ക് ഇങ്ങനെയൊരു അത്യാഹിതം ഉണ്ടാകുമായിരുന്നോ? കോര്‍പ്പറേഷനും റെയില്‍വേയും ജല വകുപ്പും പരസ്പരം പഴിചാരുന്നതിലൂടെ മാലിന്യ സംസ്‌കരണത്തിലുണ്ടായ വീഴ്ച ന്യായീകരിക്കാനാകില്ല. സംസ്ഥാനത്ത് നിരത്തുകളില്‍ അടക്കം മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുകയാണെന്ന വസ്തുത അങ്ങേയ്ക്കും നിഷേധിക്കാനാകുമോയെന്നും തുറന്ന കത്തിൽ വിഡി സതീശൻ ചോദിച്ചു.
മാലിന്യ നിർമ്മാർജ്ജനത്തിന് സ്വീകരിക്കേണ്ട നിർദ്ദേശങ്ങളും വിഡി സതീശൻ മറുപടി കത്തിൽ പങ്കുവെച്ചിട്ടുണ്ട്. ‘മാലിന്യ നിര്‍മ്മാര്‍ജ്ജത്തില്‍ മൂന്ന് ‘R’ കള്‍ ഉണ്ട്; Reduce, Reuse, Recycle. ഇതില്‍ Reduce, Reuse, ജനങ്ങളുടെയും സര്‍ക്കാരിന്റെയും കൂട്ടായ ഉത്തരവാദിത്തമാണെങ്കില്‍ Recycle സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. പ്ലാസ്റ്റിക് മാലിന്യ നീക്കത്തില്‍ Recycle ആണ് ഏറ്റവും ഫലപ്രദമായ മാര്‍ഗം. ഇതിന് നിരവധി അന്താരാഷ്ട്ര മാതൃകകളുണ്ടെന്നും വിഡി സതീശൻ ചൂണ്ടിക്കാണിച്ചു.
‘ജര്‍മ്മനിയില്‍ റീസൈക്ലിംഗ് സ്‌കീം അവതരിപ്പിച്ചതോടെ മാലിന്യത്തിന്റെ അളവ് പ്രതിവര്‍ഷം ഒരു ദശലക്ഷം ടണ്‍ കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഉല്‍പ്പാദിപ്പിക്കുന്ന മാലിന്യത്തിന്റെ 70 ശതമാനവും അവര്‍ റീസൈക്കിള്‍ ചെയ്യുന്നു. 1995-ല്‍ ദക്ഷിണ കൊറിയയിലെ 2 ശതമാനം ആയിരുന്ന റീ സൈക്ലിംഗ് നിരക്ക് ഇപ്പോള്‍ 95 ശതമാനമായി ഉയര്‍ന്നു. 50 ശതമാനം മാലിന്യം റീസൈക്കിള്‍ ചെയ്യുകയും ശേഷിക്കുന്ന മാലിന്യത്തില്‍ നിന്നും ഊര്‍ജം ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്ന രാജ്യമാണ് സ്വിറ്റ്‌സര്‍ലന്‍ഡ്. ഇത്തരത്തിലുള്ള മികച്ച മാതൃകകള്‍ ഉള്‍ക്കൊണ്ടുകൊണ്ട് കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാലിന്യസംസ്‌കരണം കാര്യക്ഷമാക്കാന്‍ കേരളത്തിനും സാധിക്കും. പക്ഷെ ഉത്തരവാദിത്തം നിര്‍വഹിക്കാനുള്ള ആര്‍ജ്ജവവും കാര്യശേഷിയും വേണമെന്നും’ പ്രതിപക്ഷ നേതാവ് എം ബി രാജേഷിനെ ഓർമ്മപ്പെടുത്തി.
Be the first to comment