തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുമ്പ് ആളുകളെ കബളിപ്പിക്കാന്‍ വേണ്ടിയുള്ള പ്രഖ്യാപനമാണ് ബജറ്റിലൂടെ മന്ത്രി കെ എന്‍ ബാലഗോപാല്‍ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. യാതൊരു വിശ്വാസ്യതയുമില്ലാത്തതാണിത്. പരിതാപകരമായ അവസ്ഥയിലാണ് കേരളത്തിലെ സാമ്പത്തിക രംഗം. കഴിഞ്ഞ 5 മാസമായി ട്രഷറി നിയന്ത്രണമാണ്. 10 ലക്ഷം രൂപയില്‍ കൂടുതല്‍ മാറാന്‍ കഴിയാത്ത ഖജനാവു വെച്ചുകൊണ്ടാണ് ധനകാര്യമന്ത്രി ഗീര്‍വാണ പ്രസംഗം നടത്തുന്നതെന്നും വിഡി സതീശന്‍ വിമര്‍ശിച്ചു.
കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പദ്ധതി ചെലവഴിക്കല്‍ ( പ്ലാന്‍ എക്‌സ്‌പെന്‍ഡിച്ചര്‍) നടത്തിയ വര്‍ഷമാണിത്. 38 ശതമാനം മാത്രമാണ് ജനുവരി 31 വരെ ചെലവഴിക്കുന്നത്. ഇനി ഒരു മാസം മാത്രമേ ബാക്കിയുള്ളൂ. മാര്‍ച്ച് ആദ്യവാരം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. കഴിഞ്ഞ വര്‍ഷം വെച്ച പദ്ധതികളുടെ ഫണ്ട് ഇനി ഉയര്‍ത്തിയിട്ട് എന്തു കാര്യമെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തിനിടയ്ക്ക് പ്ലാനിന്റെ സൈസ് വര്‍ധിക്കുന്നില്ല. ഈ വര്‍ഷം 2025-26 ല്‍ മാത്രമാണ് കുറച്ച് വര്‍ധിപ്പിച്ചത്. നേരത്തെ 30,000 കോടി എന്ന നിലയില്‍ തന്നെ പോകുകയായിരുന്നു.
വിശ്വാസ്യത തകര്‍ന്ന ധനകാര്യ സംവിധാനം നിലനിര്‍ത്തുന്ന സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് ജനങ്ങള്‍ ആരും വിശ്വസിക്കില്ല. കഴിഞ്ഞ 10 വര്‍ഷം ചെയ്യാതിരുന്ന കാര്യങ്ങള്‍ ചെയ്യുമെന്ന് പ്രഖ്യാപിക്കുന്നത്. 10 വര്‍ഷം പൂര്‍ണമായും പരാജയപ്പെട്ട മേഖലകളില്‍ മാറ്റം ഉണ്ടാകുമെന്നാണ് അവകാശപ്പെടുന്നത്. അനാവശ്യ രാഷ്ട്രീയം കലര്‍ത്തി ബജറ്റിന്റെ പവിത്രത തന്നെ നഷ്ടപ്പെടുത്തിയെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.
ബജറ്റില്‍ ന്യൂ നോര്‍മല്‍ എന്ന വാക്കു മന്ത്രി ബാലഗോപാല്‍ പ്രയോഗിച്ചു. അതു കറക്ടാണ്. തോന്നിയതുപോലെ ബജറ്റില്‍ പ്രഖ്യാപിക്കുക. അതു നടപ്പാക്കാതിരിക്കുക. അതാണ് ഇപ്പോഴത്തെ ന്യൂ നോര്‍മല്‍ എന്ന് സതീശന്‍ പരിഹസിച്ചു. പ്ലാന്‍ സൈസ് കുറയ്ക്കുക, പ്ലാന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ കട്ടു ചെയ്യുക. ഇതാണ് ഇപ്പോള്‍ കേരളത്തിന്റെ ന്യൂ നോര്‍മല്‍. ന്യൂ നോര്‍മല്‍ എന്ന വാക്കിന്റെ അര്‍ത്ഥം ഇല്ലാത്ത ഒരു പുതിയ സംവിധാനം കൊണ്ടു വന്നിട്ട് അതൊരു സിസ്റ്റത്തിന്റെ ഭാഗമാകുകയാണ്. കേരളത്തിലെ ധനകാര്യ വ്യവസ്ഥിതിയെ തകര്‍ത്തുകൊണ്ടാണ് സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു കൊല്ലം മുന്നോട്ടു പോയത്. പരിതാപകരമായ അന്ത്യമാണ് കേരളത്തില്‍ ഉണ്ടായത് എന്നു വ്യക്തമാണെന്ന് വിഡി സതീശന്‍ പറഞ്ഞു.
ക്ഷേമപെന്‍ഷന്‍ 1600 രൂപയില്‍ നിന്ന് 2500 രൂപയാക്കുമെന്ന് പറഞ്ഞാണ് 2021 ല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നത്. ഇതിന്റേ പേരില്‍ കുറപ്പേര്‍ വോട്ടു ചെയ്തിട്ടുണ്ട്. കഴിഞ്ഞ നാലേമുക്കാല്‍ കൊല്ലം ഒരു ചില്ലിക്കാശുപോലും കൂട്ടിയില്ല. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 400 രൂപ കൂട്ടി. ഇപ്പോള്‍ ബജറ്റില്‍ വര്‍ധന പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിലക്കയറ്റമുള്ള സംസ്ഥാനമാണ് കേരളം. ആസൂത്രണ ബോര്‍ഡ് ഇറക്കിയ സാമ്പത്തിക സര്‍വേയില്‍ ഇക്കാര്യം പറയുന്നുണ്ട്. വിപണി ഇടപെടലില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. ക്ഷേമ പെന്‍ഷന്‍ തുടങ്ങിയത് ആര്‍ ശങ്കര്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്താണ്. വാര്‍ധക്യകാല പെന്‍ഷനും വിധവാ പെന്‍ഷനും ആരംഭിച്ചത് ശങ്കര്‍ സര്‍ക്കാരാണ്. മന്ത്രിക്ക് അറിയില്ലെങ്കില്‍ ഞങ്ങള്‍ പറഞ്ഞുതരാമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.



Be the first to comment