തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണം കവര്‍ന്നതിലല്ല, പാരഡി ഗാനം പാടിയതിലാണ് സിപിഎമ്മുകാര്‍ക്ക് വേദനയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പാരഡി ഗാനം കേരളത്തില്‍ ആദ്യമായിട്ടാണോ. പാരഡി ഗാനത്തിന്റെ പേരില്‍ അത് എഴുതിയ ആള്‍ക്കും ട്യൂണ്‍ ചെയ്ത ആള്‍ക്കുമെതിരെ പൊലീസ് കേസെടുക്കാന്‍ പോകുകയാണെന്ന് പറയപ്പെടുന്നു. ബിജെപിക്കാര്‍ ഇതിനേക്കാള്‍ ഭേദമാണല്ലോയെന്നും വിഡി സതീശന്‍ പരിഹസിച്ചു.
പോറ്റിയേ കേറ്റിയേ… എന്ന പാരഡി ഗാനത്തിനെതിരായ പരാതിയില്‍ കേസെടുക്കുന്നതില്‍ പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. എന്തിനാണ് അവര്‍ക്ക് ഇത്രയും നൊന്തത്. പാട്ട് വിശ്വാസികളെ വേദനിപ്പിച്ചു എന്നാണ് സിപിഎമ്മിന്റെ പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറയുന്നത്. ഈ രാജു എബ്രഹാം ആരുടെ തോളില്‍ കയ്യിട്ടുകൊണ്ടാണ് നില്‍ക്കുന്നത്?. വിഡി സതീശന്‍ ചോദിച്ചു.
വിശ്വാസികളെ വേദനിപ്പിച്ച ശബരിമല അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്ന കേസില്‍ അറസ്റ്റിലായി ജയിലില്‍ കിടക്കുന്ന പത്മകുമാറിന്റെ തോളില്‍ കയ്യിട്ടുകൊണ്ടാണ് രാജു എബ്രഹാം നില്‍ക്കുന്നതെന്ന് ഓര്‍ക്കണം. അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നതിലല്ല വേദന. വിശ്വാസികള്‍ വേദനിച്ചത് അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നതിലാണ്. സ്വര്‍ണം കവര്‍ന്ന ആളുകളെ സിപിഎം സംരക്ഷിക്കുകയാണ് ചെയ്യുന്നത്. അവര്‍ വേറെ നേതാക്കളുടെ പേരു പറയാതിരിക്കാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത്.
അവര്‍ക്കെതിരെ നടപടിയെടുത്താല്‍, പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയാല്‍ മറ്റു നേതാക്കളുടേയും പേരു പറയുമോയെന്ന് ഭയമാണ് സംരക്ഷണം നല്‍കുന്നതിന് പിന്നില്‍. അയ്യപ്പ ഭക്തി ഗാനത്തിന്റെ പാരഡി ഇറക്കിയതില്‍ ഇപ്പോള്‍ വേദനിക്കുന്ന സിപിഎം, പണ്ട് ഇതേ അയ്യപ്പ ഭക്തിഗാനം കൊണ്ട് പാരഡി ഇറക്കിയിട്ടുണ്ട്. 11 വര്‍ഷം മുമ്പ് മുഖ്യമന്ത്രിയായിരിക്കെ കെ കരുണാകരന്‍ വാഹനത്തില്‍ സ്പീഡില്‍ പോകുന്നതിനെ കളിയാക്കിക്കൊണ്ടാണ് ആ പാരഡി ഗാനം. അത് കൈരളി ചാനല്‍ അറിയപ്പെടുന്ന ആളെക്കൊണ്ട് പാടിച്ചതിന്റെ റെക്കോഡ് ഉണ്ടെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
സിപിഎം പറയുമ്പോള്‍ പഴയ കാര്യങ്ങള്‍ കൂടി ഓര്‍ക്കുന്നത് നല്ലതാണ്. വിശ്വാസിയായ കെ കരുണാകരനെ കളിയാക്കാനായി ഈ അയ്യപ്പ ഭക്തിഗാനത്തിന്റെ പാരഡി ഉണ്ടാക്കാം. ആ പാരഡി കൈരളിയില്‍ അവതരിപ്പിക്കുകയും ചെയ്യാം. എന്നാല്‍ സ്വര്‍ണം കട്ടവരെക്കുറിച്ച് പാരഡി പാടില്ല. ഇത് എവിടത്തെ വാദമാണെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ശബരിമലയില്‍ സ്വര്‍ണം കൊള്ളയടിക്കുന്നത് മുഖ്യമന്ത്രിയുടെ വിശ്വസ്തര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്നപ്പോഴാണ്. അയ്യപ്പന്റെ സ്വര്‍ണം കട്ടതാരാണ്. അവരെ സംരക്ഷിക്കുന്നതാരാണ്. അതിനാണ് മറുപടി പറയേണ്ടതെന്നും വിഡി സതീശന്‍ പറഞ്ഞു.



Be the first to comment