‘സുകുമാരന്‍ നായരെ കാണാന്‍ പാര്‍ട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല, നേതാക്കളുടെ സന്ദര്‍ശനം വ്യക്തിപരം’വിഡി സതീശന്‍

തിരുവനന്തപുരം: പെരുന്നയില്‍ എത്തി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ കോണ്‍ഗ്രസ് നേതാക്കള്‍ കണ്ടത് വ്യക്തിപരമായ സന്ദര്‍ശനമെന്ന് പ്രതിപക്ഷ നേതാവ്  വിഡി സതീശന്‍. എസ്എന്‍ഡിപിയുടെയോ എന്‍എസ്എസിന്റെയോ, ഏതെങ്കിലും സമുദായ നേതാക്കളുമായോ കൂടിക്കാഴ്ച നടത്തുന്നതിന് യുഡിഎഫോ കോണ്‍ഗ്രസോ യാതൊരു വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ല. ഇത്തരം സന്ദര്‍ശനം നടത്താന്‍ പാര്‍ട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും എല്ലാ സമുദായ നേതാക്കളുമായും നല്ല ബന്ധമാണ് തുടരുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിക്കെതിരായ വധഭീഷണി സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാത്തത് ബിജെപി സിപിഎം ബാന്ധവത്തിന്റെ ഭാഗമായാണെന്നും സതീശന്‍ പറഞ്ഞു. വധഭീഷണി ഉയര്‍ത്തിയ ആളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായില്ല. മുഖ്യമന്ത്രിക്കെതിരെ ആരെങ്കിലും സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടാല്‍ അവരെ അറസ്റ്റ് ചെയ്യുകയും വീട് റെയ്ഡ് ചെയ്യുകയും ചെയ്യും. രാജ്യത്തെ സമുന്നതനായ നേതാവിന്റെ നെഞ്ചില്‍ വെടിയുണ്ട പായിക്കുമെന്ന് പറഞ്ഞ ബിജെപി നേതാവിനെ സംരക്ഷിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. ബിജെപിയെ ഭയന്നിട്ടാണ് മുഖ്യമന്ത്രി അയാളെ അറസ്റ്റ് ചെയ്യാത്തത്. ഇരുകൂട്ടരും തമ്മിലുള്ള അവിശുദ്ധ ബാന്ധവത്തിന്റെ അവസാനത്തെ തെളിവ് ആണിത്. അയാളെ അറസ്റ്റ് ചെയ്യാത്ത പിണറായി സര്‍ക്കാര്‍ നടപടി വിസ്മയിപ്പിക്കുന്നുവെന്നും ബിജെപി- സിപിഎം ബാന്ധവം കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ തുറന്നുകാട്ടുമെന്നും സതീശന്‍ പറഞ്ഞു.

കേന്ദ്ര ഏജന്‍സികളെ ഭയന്നുകൊണ്ട് ജിവിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളത്. മഞ്ചേശ്വരം ഇലക്ഷന്‍ കേസ്, കൊടകര കുഴല്‍പ്പണക്കേസ്, തൃശൂര്‍ പൂരം കലക്കല്‍ കേസ്, ആര്‍എസ്എസ് നേതാവും എഡിജിപിയുമായുള്ള കുടിക്കാഴച ഇവയെല്ലാം ഇരുകൂട്ടരും ഒതുക്കിതീര്‍ത്തില്ലേ?. ഇരുവരും തമ്മിലുള്ള അവിശുദ്ധബാന്ധവും പുറത്തുവരുമെന്നതിനാലാണ് ഇത് സഭയില്‍ ചര്‍ച്ച ചെയ്യാന്‍ അനുവദിക്കാതിരുന്നത്. രാഹുല്‍ ഗാന്ധിയെ ഇല്ലാതാക്കുമെന്ന് പറഞ്ഞത് നിസ്സാര സംഭവമാണോയെന്നും സതീശന്‍ ചോദിച്ചു.

 

Be the first to comment

Leave a Reply

Your email address will not be published.


*