
കെപിസിസി അധ്യക്ഷനായി തിരഞ്ഞെടുത്ത സണ്ണി ജോസഫ് കരുത്തനായ നേതാവെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. തിരഞ്ഞെടുത്തിരിക്കുന്നത് പക്വതയുള്ള ടീമിനെയാണ്. കേരളത്തിലെ യുഡിഎഫിന്റെ ഐതിഹാസികമായ തിരിച്ചുവരവിന് പുതിയ ടീം നേതൃത്വം കൊടുക്കും പ്രഖ്യാപനം സന്തോഷകരമാണെന്നും വി ഡി സതീശൻ പ്രതികരിച്ചു.
പുതിയ നേത്യത്വത്തിൽ യുവ നിര അടക്കമാണുള്ളത്. പ്രഖ്യാപനം കേട്ടപ്പോൾ എല്ലാവർക്കും ആഹ്ലാദം തോന്നി. സഭ ഒരാളുടെയും പേര് പറയുകയോ പുനഃസംഘടനയിൽ ഇടപെടുകയോ ചെയ്തിട്ടില്ല. സോഷ്യൽ ബാലൻസ് എപ്പോഴും ചെയ്യുന്ന പാർട്ടിയാണ് കോൺഗ്രസ്. ഇക്കാര്യത്തിലും അത് അങ്ങനെത്തന്നെയാണ് ഉണ്ടായിരിക്കുന്നത്. എല്ലാ മത ജാതി വിഭാഗങ്ങൾക്കും പ്രാതിനിധ്യം കൊടുക്കുന്ന പാർട്ടിയാണിത് വി ഡി സതീശൻ വ്യക്തമാക്കി.
സണ്ണി ജോസഫ് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയിലെ അധ്യക്ഷനായിരുന്നു. മൂന്നാം തവണയാണ് അദ്ദേഹം എംഎൽഎ ആകുന്നത്. ഏറ്റവും മികച്ച പാർലമെന്റേറിയനും സംഘടകനുമാണ്. ഏറ്റവും സങ്കീർണമായ കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിയുന്നൊരാളാണ് അദ്ദേഹം. കാര്യങ്ങൾ ഫലപ്രദമായി അവതരിപ്പിക്കാൻ സാധിക്കുന്ന പ്രമുഖ അഭിഭാഷകനും കൂടിയാണ് സണ്ണി ജോസഫെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ വ്യക്തമാക്കി.
കൂടിയാലോചനകൾക്ക് ശേഷമാണ് തീരുമാനം വന്നത്. കെ. സുധാകരൻ പാർട്ടിയുടെ മുൻ നിരയിൽ തന്നെ ഉണ്ടാകും. വളരെ സജീവമായി അദ്ദേഹം പാർട്ടിക്കൊപ്പം ഉണ്ടാകും. സുധാകരനും ഞാനും നല്ല കൂട്ടുകാർ, ഇതുവരെ ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
അതേസമയം, കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വാദ പ്രതിവാദങ്ങൾ നടക്കുന്നതിനിടെയാണ് അധ്യക്ഷനായി സണ്ണി ജോസഫ് എംഎൽഎയെ നിയമിച്ചത് . നിലവിലെ അധ്യക്ഷനായിരുന്ന കെ സുധാകരൻ കോൺഗ്രസിൻ്റെ പ്രവർത്തക സമിതിയിലെത്തി. അടൂർ പ്രകാശ് ആണ് യുഡിഎഫ് കൺവീനർ. പിസി വിഷ്ണുനാഥ്, എപി അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവർ വർക്കിംഗ് പ്രസിഡൻ്റുമാരാണ്. പ്രസിഡൻ്റ് സ്ഥാനത്തുനിന്നും മാറണമെന്ന് പാർട്ടി ആവശ്യപ്പെട്ടിട്ടില്ലെന്ന് സുധാകരൻ പ്രതികരിച്ചിരുന്നു. ഈ പ്രതികരണത്തിൽ പാർട്ടിക്ക് അതൃപ്തിയുമുണ്ടായിരുന്നു. അതിനിടെയാണ് സണ്ണി ജോസഫിനെ നിയമിച്ചു കൊണ്ടുള്ള തീരുമാനം വരുന്നത്.
Be the first to comment