വര്‍ഗീയതയുടെ കാര്യത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോട് വിട്ടുവീഴ്ചയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ . എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തന്നോട് താത്പര്യമില്ല. പിന്നെ എങ്ങനെ പ്രശ്‌നം പറഞ്ഞുതീര്‍ക്കുമെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു. മുഖ്യമന്ത്രി ആരാണെന്ന് ഹൈക്കമാന്റ് തീരുമാനിക്കുമെന്നും സതീശന്‍ പറഞ്ഞു.
വെള്ളാപ്പള്ളി നടേശനുമായിട്ടുഉള്ള പ്രശ്‌നം അദ്ദേഹം വര്‍ഗീയത പറഞ്ഞപ്പോള്‍, വര്‍ഗീയത പറയരുതെന്ന് പറഞ്ഞതാണ്. ശക്തമായ നിലപാട് എടുത്തു. അപ്പോള്‍ അദ്ദേഹം വളരെ മോശമായ പദപ്രയോഗങ്ങള്‍ നടത്തി. ഞാന്‍ അവര്‍ക്ക് രണ്ട് പേര്‍ക്ക് എതിരായി മോശമായ ഒരു പദപ്രയോഗവും ഇതുവരെ നടത്തിയിട്ടില്ല. ഇനി നടത്തുകയുമില്ല. കാരണം അവരുടെ പ്രായവും അവരിരിക്കുന്ന സ്ഥാനവും. എനിക്ക് രണ്ടുപേരോടും ഒരു വിരോധവുമില്ല. അവര്‍ക്ക് എന്നെ ഇഷ്ടമല്ല. പിന്നെങ്ങനെയാണ് ഞാന്‍ സെറ്റില്‍ ചെയ്യുന്നത് – അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ വര്‍ഗീയതയെ കുഴിച്ചു മൂടുമെന്നും ഭൂരിപക്ഷ വര്‍ഗീയതയെയും, ന്യൂനപക്ഷ വര്‍ഗീയതയെയും ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആര് വര്‍ഗീയത പറഞ്ഞാലും അതിനെതിരായി ശബ്ദിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ജയിക്കുക എന്നുള്ളതിനേക്കാള്‍ പ്രധാനം വര്‍ഗീയതയെ കുഴിച്ചുമൂടുകയെന്നുള്ളതാണ്. പിണറായി വിജയനും വിഡി സതീശനും ഒക്കെ കുറച്ച് നാള്‍ കൂടിയേ ഉണ്ടാവുള്ളൂ. ഓര്‍മ്മയാകും. ചിലപ്പോള്‍ ഓര്‍മ്മയില്‍ പോലും ഉണ്ടാവില്ല. പക്ഷേ കേരളം ഉണ്ടാകണം. നമ്മുടെ മക്കളും കൊച്ചുമക്കളും ഉണ്ടാകണം. അവര്‍ക്ക് വേണ്ടിയിട്ടുള്ള ഒരു കേരളമാണ്. നമ്മള്‍ ഒന്നും ഒരു സ്ഥാനത്ത് ഇരിക്കുമ്പോള്‍ അത് തകര്‍ക്കാന്‍ ഒരു ശക്തിയേയും സമ്മതിക്കില്ല. അതിന്റെ മുമ്പില്‍ ഒരു കോംപ്രമൈസും ഇല്ല – വിഡി സതീശന്‍ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റുകള്‍ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും വിഡി സതീശന്‍ പറഞ്ഞു. സിപിഐഎമ്മിന്റെ കണക്കാണ് പിഴയ്ക്കുന്നതെന്നും യുഡിഎഫിന്റെ കണക്ക് കൂട്ടലുകള്‍ തെറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ആരെന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു രീതിയുണ്ട്. പരമ്പരാഗതമായി കോണ്‍ഗ്രസ് പാര്‍ലമെന്റ്റി പാര്‍ട്ടി ലീഡറെ തിരഞ്ഞെടുക്കുന്ന സിസ്റ്റമുണ്ട്. ആ സിസ്റ്റത്തില്‍ ആള് വരും. അതല്ല പ്രശ്‌നം. എല്ലാവരും ഒരുമിച്ച് ചേര്‍ന്ന് ഉജ്ജ്വലമായ തിളക്കമാര്‍ന്ന വിജയം ഉണ്ടാക്കുക എന്നുള്ളതാണ് – അദ്ദേഹം പറഞ്ഞു.
പുതുയുഗ യാത്രയെ കുറിച്ചുള്ള തന്റെ പ്രതീക്ഷകളും അദ്ദേഹം പങ്കുവച്ചു. ഒരു യുഗത്തിന്റെ അന്ത്യവും മറ്റൊരു യുഗത്തിന്റെ ആരംഭവുമാണ്. ഈ പുതുയുഗം പ്രതീക്ഷകളുടെയും പ്രത്യാശകളുടെയും പറയുന്ന കാര്യങ്ങള്‍ ചെയ്യുന്നതിന്റെയും യുഗമായി മാറും. വരാനിരിക്കുന്ന തലമുറകള്‍ക്ക് പ്രതീക്ഷകള്‍ നല്‍കുന്ന, കേരളത്തില്‍ ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന നല്ല വിദ്യാഭ്യാസ പദ്ധതികള്‍ ഉള്ള നിരവധി തൊഴിലവസരങ്ങളുള്ള കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥ മെച്ചപ്പെടുത്താന്‍ കഴിയുന്ന മറ്റു രാജ്യങ്ങളിലെ പോലെ നല്ല സോഷ്യല്‍ വെല്‍ഫെയര്‍ മെഷേഴ്‌സ് ഉള്ള നമ്മുടെ സ്വപ്നത്തിലെ ഒരു കേരളം സൃഷ്ടിച്ചെടുക്കാന്‍ വേണ്ടിയിട്ടുള്ള കഠിനാധ്വാനത്തിന്റെ തുടക്കമാണിത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ചെയ്യുന്ന നമ്മുടെ ഗവേഷണതുല്യമായ പ്രവര്‍ത്തനങ്ങളുടെ ഒരു പ്രതിഫലനം, അതിന്റെ പ്രചരണം കൂടിയാണിത് – അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ക്കപ്പുറം ചില സ്വപ്‌ന തുല്യമായ പദ്ധതികളുമായി എത്താന്‍ പോവുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഗവണ്‍മെന്റ് എവിടെയെല്ലാമാണ് പരാജയപ്പെട്ടത്? എവിടെയെല്ലാമാണ് തകര്‍ന്നത്? അവിടെയെല്ലാം കൃത്യമായ പദ്ധതികളുമായി വരും. വെറും പ്രഖ്യാപനങ്ങളല്ല. പ്രഖ്യാപനങ്ങള്‍ ആര്‍ക്കുവേണമെങ്കിലും നടത്താം. വളരെ വൈദഗ്ധ്യമുള്ള ആളുകള്‍ ചേര്‍ന്ന് തയ്യാറാക്കിയ വിഷന്‍ ഡോക്യുമെന്റുകളുണ്ട്. അതിന്റെ പ്രായോഗികത, നിയമപരമായ വശം, സാമ്പത്തിക വശം എല്ലാം പരിശോധിച്ച് കേരളത്തിലത് നടപ്പാക്കാന്‍ പറ്റും എന്ന് നൂറ് ശതമാനം ഉറപ്പുള്ള സ്വപ്നതുല്യ പദ്ധതികളാണ്. ഇതുവരെ കേരളത്തില്‍ വരാത്ത തരത്തിലുള്ള പദ്ധതികളാണ്. ഈ പദ്ധതികളില്‍ രണ്ടോ മൂന്നോ എണ്ണം ഇപ്പോള്‍ പറയും – അദ്ദേഹം പറഞ്ഞു.



Be the first to comment