‘മെഡിക്കല്‍ കോളജില്‍ ചെന്നാല്‍ താലൂക്ക് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുന്ന കാലം; ആരോഗ്യരംഗം അപ്പാടെ തകര്‍ന്നു ; വിഡി സതീശന്‍

കൊച്ചി: സംസ്ഥാനത്തെ ആരോഗ്യരംഗം അപ്പാടെ തകര്‍ന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആരോഗ്യകേരളം വെന്റിലേറ്ററിലാണെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്ന കാര്യങ്ങളാണ് ദിവസേനെ സംസ്ഥാനത്ത് നടക്കുന്നത്. ഇക്കാര്യം പ്രതിപക്ഷം ചൂണ്ടിക്കാണിക്കുമ്പോള്‍ ഒറ്റപ്പെട്ട സംഭവമാണെന്നാണ് സര്‍ക്കാര്‍ ന്യായമെന്നും ഒറ്റപ്പെട്ട സംഭവങ്ങള്‍ എല്ലാം കൂടി കൂട്ടിവച്ചാല്‍ അനാസ്ഥയുടെ വാല്യങ്ങള്‍ തന്നെയുണ്ടാകുമെന്നും വിഡി സതീശന്‍  പറഞ്ഞു.

ഹര്‍ഷീനയുടെ വിഷയം നിയമസഭയില്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടി. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു സഹായവും ഉണ്ടായില്ല. ആശുപത്രിയുടെ അനാസ്ഥകാരണം വിനോദിനിക്ക് കൈ നഷ്ടമായി. അവര്‍ക്ക് പകരം കൈ കൊടുക്കാനുള്ള മനസാക്ഷി പോലുമില്ലാത്ത ക്രൂരന്‍മാരുടെ സര്‍ക്കാരാണ് ഇവിടെയുള്ളത്. സര്‍ക്കാര്‍ ആശുപത്രികളുടെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടാകുമ്പോല്‍ അവരെ സഹായിക്കാന്‍ പോലും ആരോഗ്യവകുപ്പ് തയ്യാറാകുന്നില്ല. മെഡിക്കല്‍ കോളജില്‍ ചെന്നാല്‍ താലൂക്ക് ആശുപത്രിയിലേക്കും ജില്ലാ ആശുപത്രിയിലേക്കും റിവേഴ്‌സ് റഫറന്‍സ് ആണ് നടക്കുന്നതെന്നും സതീശന്‍ പരിഹസിച്ചു. ഡോക്ടര്‍മാരുടെ സമരം ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും സതീശന്‍ പറഞ്ഞു.

ആരോഗ്യരംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്നും സതീശന്‍ പറഞ്ഞു. യുഡിഎഫിനെതിരായ സിപിഎം വെബ്‌സൈറ്റിനെ പറ്റിയുള്ള ചോദ്യത്തിനുള്ള മറുപടി ഇങ്ങനെ; കേരളത്തിന്റെ ഭരണചരിത്രത്തിലെ ഏറ്റവും ഇരുണ്ട കാലം കഴിഞ്ഞ പത്തുവര്‍ഷമാണ്. ഒരുനാടിന്റെ നട്ടെല്ല് സമ്പദ്ഘടനയാണ്. അത് തകര്‍ത്താണ് ഇവര്‍ പോകുന്നത്. പോണ പോക്കില്‍ ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് കോടികള്‍ എടുത്തിട്ടാണ് തെരഞ്ഞെടുപ്പിന് വേണ്ടി പ്രചരണം നടത്തുന്നത്.

ഭരണംപോയപ്പോള്‍ കോണ്‍ഗ്രസ് വിട്ട് എത്രപേര്‍ സിപിഎമ്മില്‍ ചേര്‍ന്നു. അവര്‍ക്കൊക്കെ ഭരണത്തില്‍ എന്തൊക്കെ സ്ഥാനങ്ങളാണ് നല്‍കിയത്. അതും രണ്ടാം നിരയിലും മൂന്നം നിരയിലും പെട്ട നേതാക്കന്‍മാര്‍ക്ക്. കോണ്‍ഗ്രസില്‍ ആരെങ്കിലും ചേരുമ്പോള്‍ എന്തിനാണ് ഇത്ര അസ്വസ്ഥതയെന്നും സതീശന്‍ ചോദിച്ചു.

 

Be the first to comment

Leave a Reply

Your email address will not be published.


*