തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഐതിഹാസികമായ തിരിച്ചുവരവ് നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍  യുഡിഎഫ് ഐതിഹാസികമായ തിരിച്ചുവരവ് നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പതിനാല് ജില്ലകളിലെയും പര്യടനം പൂര്‍ത്തിയാക്കിയപ്പോള്‍ മനസിലായത് വളരെ ആവേശത്തിലാണ് യുഡിഎഫ് പ്രവര്‍ത്തകര്‍. ജനം യുഡിഎഫിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്നും സതീശന്‍ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിഡി സതീശന്‍.

രണ്ട് കാരണങ്ങളാണ് ഈ തെരഞ്ഞെടുപ്പിന്റെ വിജയത്തിന്റെ പ്രധാനമാകാന്‍ പോകുന്നത്. ഒന്ന് സര്‍ക്കാരിനെതിരായ അതിശക്തമായ ജനവികാരം. ശബരിമല ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ആളുകളെ അമ്പരപ്പിച്ച് നിര്‍ത്തുകയാണ്. ശ്രീകോവിലിലെ സ്വര്‍ണമോഷണത്തില്‍ ഉള്ളത് സിപിഎമ്മിന്റെ ഉന്നതനേതാക്കളാണ്. അവരെ ഇപ്പോഴും സിപിഎം സംരക്ഷിച്ച് നിര്‍ത്തുകയാണ്. സര്‍ക്കാര്‍ തിന് കുടപിടിച്ച് നില്‍ക്കുകയാണ്. അവസാനഘട്ടത്തില്‍ അന്വേഷണം മറ്റ് ഉന്നതരിലേക്കും എത്തേണ്ടതായിരുന്നു. എസ്‌ഐടിയുടെ മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അതിസമ്മര്‍ദ്ദമുണ്ടായെന്നും സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയ്‌ക്കെതിരെ കേരളം മുഴുവന്‍ അതിശക്തമായ പ്രതിഷേധമാണ് ഉള്ളത്. ഇത്തവണ പതിവില്‍ അപ്പുറമുള്ള മുന്നൊരുക്കം നടത്തി. ടീം യുഡിഎഫ് ആയാണ് മത്സരിക്കുന്നത്. കേരളത്തിലെ ബഹുഭൂരിപക്ഷം ജില്ലാപഞ്ചായത്തുകളിലും കോര്‍പ്പറേഷനുകളിലും വന്‍വിജയം നേടും. മുന്‍സിപ്പാലിറ്റിയില്‍ നേരത്തെ തന്നെ മുന്നേറ്റം ഉണ്ട്. ഇത്തവണ ജയിക്കാത്ത സ്ഥലങ്ങളില്‍ വിജയിക്കും. എല്ലാരംഗത്തും വ്യക്തമായ മേല്‍ക്കൈ ഉണ്ടാകുമെന്ന് സതീശന്‍ പറഞ്ഞു.

ഏറ്റവും ക്രൂരകൃത്യം ചെയ്യുന്ന ആളുകളെ വെള്ളപ്പൂശുന്ന ഇടമാണ് സോഷ്യല്‍മീഡിയ ഇപ്പോള്‍. മര്യാദക്ക് നടക്കുന്ന മാന്യന്‍മാരെ തെറിയഭിഷേകം നടത്തുകയും ചെളികൊണ്ട് വാരിപ്പൊത്തുകയുമാണ് ഇപ്പോള്‍ ചെയ്യുന്നത്. സോഷ്യല്‍ മീഡിയ അല്ല കാര്യങ്ങള്‍ തീരുമാനിക്കുന്നത്. എന്നാല്‍ ചിലര്‍ സോഷ്യല്‍ മീഡിയയെ വില്‍പ്പന ചരക്കാക്കുകയാണെന്നും സതീശന്‍ പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*