‘തന്നെ കുടുക്കാൻ ശ്രമമെന്ന് വേടൻ കോടതിയിൽ’; ബലാത്സംഗകേസിൽ വിധി ബുധനാഴ്ച

ബലാത്സംഗ കേസിൽ റാപ്പർ വേടന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. ബുധനാഴ്ച കോടതി വിധി പറയും. പരാതിക്കാരി ഇന്ന് കൂടുതൽ തെളിവുകൾ ഹാജരാക്കി. സോഷ്യൽ മീഡിയ പോസ്റ്റുകൾ അല്ല കോടതിയിൽ വേണ്ടതെന്നും നിയമപരമായ കാര്യങ്ങൾ പറയണമെന്നും കോടതി വിമർശിച്ചു. തന്നെ കുടുക്കാൻ ഒരു സംഘം ആളുകൾ പ്രവർത്തിക്കുന്നുവെന്ന് വേടൻ കോടതിയിൽ അറിയിച്ചു.

അതിനിടെ ലൈംഗിക അതിക്രമ പരാതിയിൽ വേടനെതിരെ വീണ്ടും കേസെടുത്തുവെന്ന് പരാതിക്കാരി കോടതിയിൽ അറിയിച്ചു. മുഖ്യമന്ത്രിയ്ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സെൻട്രൽ പൊലിസാണ് കേസെടുത്തത്. 354 വകുപ്പ് പ്രകാരമാണ്. വേടനെതിരെ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിലാണ് എറണാകുളം സെൻട്രൽ പോലീസ് ലൈംഗിക അതിക്രമ വകുപ്പ് ചുമത്തി കേസെടുത്തത്. ജാമ്യമിലാ വകുപ്പായതിനാൽ ഈ കേസിലും ഹൈക്കോടതിയെ സമീപിക്കാനാണ് സാധ്യത.

വേടന്‍ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തുവെന്നായിരുന്നു പരാതിക്കാരിയുടെ പ്രധാന വാദം. വേടന്‍ സ്ഥിരം കുറ്റവാളിയാണെന്ന് പരാതിക്കാരിയുടെ അഭിഭാഷക കോടതിയില്‍ വാദിച്ചെങ്കിലും എങ്ങിനെ സ്ഥിരം കുറ്റവാളിയെന്ന് പറയാനാകുമെന്നായിരുന്നു കോടതിയുടെ മറുചോദ്യം.

രണ്ടാഴ്ച മുന്‍പ് വേടനെതിരെയുള്ള പരാതിയുമായി രണ്ട് യുവതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിച്ചിരുന്നു. പിന്നാലെ ആ സംഭവങ്ങള്‍ നടന്ന അതാത് പോലീസ് സ്റ്റേഷനുകളിലേക്ക് പരാതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കൈമാറുകയും ചെയ്തു. ഈ പരാതികളിലൊന്നിലാണ് വേടനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ മാസം 21നാണ് എഫ്ഐആര്‍ ഇട്ടത്. കേസില്‍ അന്വേഷണം തുടരുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*