
നിയമസഭയിലെ ചോദ്യോത്തരവേളയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഒളിയമ്പുമായി ആരോഗ്യമന്ത്രി വീണ ജോർജ്. ശിശു ജനന-മരണ നിരക്കിനെ സംബന്ധിച്ച ചോദ്യത്തിന് ഉത്തരം പറയവെയാണ് രാഹുലിനെതിരെ മന്ത്രി ഒളിയമ്പെയ്തത്. കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയാണ് ഈ സർക്കാർ ചെയ്യുന്നത് എന്നായിരുന്നു മന്ത്രി പറഞ്ഞത്. ഭരണപക്ഷ എംഎൽഎമാർ മന്ത്രിക്ക് കയ്യടിക്കുകയും ചെയ്തു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെ കഴിഞ്ഞ ദിവസം നിയമസഭയിലെത്തിച്ച യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ നേമം ഷജീറിനെതിരെ പാർട്ടിയിൽ പടയൊരുക്കം. ഷജീറിനെതിരെ പരാതി നൽകാൻ ഒരു വിഭാഗം നേതാക്കൾ ഒരുങ്ങുകയാണ്. പാർട്ടി സസ്പെൻഡ് ചെയ്തയാൾക്കൊപ്പം പോയത് തെറ്റായ സന്ദേശം നൽകിയെന്ന് ചൂണ്ടിക്കാട്ടി കെപിസിസി അധ്യക്ഷനും അച്ചടക്ക സമിതി ചെയർമാനുമാണ് പരാതി നൽകുക. ജില്ലാ പ്രസിഡണ്ട് സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുക.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ എതിർപ്പടക്കം അവഗണിച്ചാണ് രാഹുൽ കഴിഞ്ഞ ദിവസം നിയമസഭയിലേക്കെത്തിയത്. നേമം ഷജീർ അടക്കമുളള യുവ നേതാക്കൾക്കൊപ്പം പ്രത്യേക വാഹനത്തിലാണ് രാഹുൽ എത്തിയത്. സഭയിൽ എത്തിയതിന് പിന്നാലെ രാഹുലിന് ഒരു കുറിപ്പ് ലഭിച്ചിരുന്നു. ശേഷം രാഹുൽ സഭയിൽ നിന്നിറങ്ങിയിരുന്നു.
പിന്നാലെ മാധ്യമങ്ങളോട് സംസാരിച്ച രാഹുൽ തനിക്കെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട് വന്ന ശബ്ദരേഖയിലെ ശബ്ദം രാഹുലിന്റേതാണോയെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് അല്ലെന്നും ആണെന്നും മറുപടി പറയാതെ രാഹുല്‍ ഒഴിഞ്ഞുമാറുകയായിരുന്നു.




Be the first to comment