അതിക്രമങ്ങളില്‍ പതറാതിരിക്കാന്‍ ഓര്‍ക്കുക, 181 ഹെല്‍പ്പ് ലൈന്‍, ഇതുവരെ തുണയായയത് 5.66 ലക്ഷം സ്ത്രീകള്‍ക്ക്; മന്ത്രി വീണാ ജോർജ്

വിവിധതരം വെല്ലുവിളികള്‍ നേരിടുന്ന സ്ത്രീകള്‍ക്ക് വിവിധ സേവനങ്ങള്‍ ഉറപ്പാക്കി മിത്ര 181 ഹെല്‍പ്പ് ലൈന്‍. കൂടുതല്‍ സ്ത്രീകള്‍ക്ക് സഹായകരമാകുന്ന രീതിയില്‍ സേവനം വിപുലപ്പെടുത്തിയിരുന്നു. എല്ലാ സ്ത്രീകളും മിത്ര 181 നമ്പര്‍ ഓര്‍ത്ത് വയ്ക്കണമെന്നും അത്യാവശ്യ ഘട്ടങ്ങളില്‍ സേവനം പ്രയോജനപ്പെടുത്തണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു.

181 എന്ന ടോള്‍ ഫ്രീ നമ്പരിലൂടെ വനിതകള്‍ക്ക് എല്ലാ മേഖലകളിലെയും വിവരാന്വേഷണവും അത്യാവശ്യ സേവനങ്ങളും 24 മണിക്കൂറും ലഭ്യമാക്കി. 2017ല്‍ ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചത് മുതല്‍ ഇതുവരെ 5,66,412 കോളുകള്‍ ആണ് ഹെല്‍പ്പ് ലൈനില്‍ സ്വീകരിക്കപ്പെട്ടിട്ടുള്ളത്. അതില്‍ ആവശ്യമായ രണ്ടു ലക്ഷത്തോളം കേസുകളില്‍ പൂര്‍ണ്ണ സഹായമെത്തിക്കുന്നതിനും സാധിച്ചിട്ടുണ്ട്

സ്വകാര്യത നിലനിര്‍ത്തിക്കൊണ്ട് തന്നെ നീതി ലഭിക്കാന്‍, പ്രതിസന്ധികളെ അതിജീവിക്കാന്‍, ജീവിതത്തിലെ സ്വപ്നങ്ങള്‍ തിരിച്ചുപിടിക്കാന്‍ സംസ്ഥാന സര്‍ക്കാറും വനിത വികസന കോര്‍പ്പറേഷനും ഒപ്പം ഉണ്ട്. കൗണ്‍സലിങ്ങ്, നിയമോപദേശം, അടിയന്തര സംരക്ഷണം തുടങ്ങിയ സഹായങ്ങളുമായി 24 മണിക്കൂറും 181 ഹെല്‍പ്പ് ലൈന്‍ നിങ്ങള്‍ക്കായുണ്ട്. മടിക്കേണ്ടതില്ല. നേരിട്ട് വിളിക്കാം.

മിത്ര 181 ഹെല്‍പ്പ് ലൈനിലേക്ക് വിളിക്കുന്നവര്‍ക്ക് പോലീസ്, ആശുപത്രി, ആംബുലന്‍സ് സേവനങ്ങള്‍, മറ്റ് സംവിധാനങ്ങള്‍ പോലുള്ള ഉചിതമായ ഏജന്‍സികളിലേക്കുള്ള റഫറലുകള്‍ വഴി സേവനം ഉറപ്പാക്കുന്നു. കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍, ഗാര്‍ഹിക പീഡനം അല്ലെങ്കില്‍ മറ്റ് തരത്തിലുള്ള പീഡനങ്ങള്‍ നേരിടുന്ന സ്ത്രീകള്‍, ട്രാന്‍സ്ജെന്‍ഡര്‍ എന്നിവര്‍ക്ക് മിത്ര 181 ഹെല്‍പ്പ് ലൈനിന്റെ 24/7 സേവനങ്ങള്‍ പ്രയോജനപ്പെടുത്താം.

സ്ത്രീകള്‍ക്ക് നീതിയും സുരക്ഷയും ഉറപ്പുവരുത്താന്‍ കര്‍മ്മനിരതമാണ് മിത്ര 181. ശരാശരി 300 കോളുകളാണ് പ്രതിദിനം മിത്ര 181ല്‍ എത്തുന്നത്. പ്രതിസന്ധി ഘട്ടങ്ങളില്‍ വിളിക്കുന്ന കോളുകളും വിവരാന്വേഷണത്തിനായി വിളിക്കുന്ന കോളുകളുമാണ് അധികവും. 3 ഷിഫ്റ്റുകളില്‍ 12 വനിതകളാണ് മിത്ര 181ല്‍ സേവനമനുഷ്ഠിക്കുന്നത്. നിയമം അല്ലെങ്കില്‍ സോഷ്യല്‍വര്‍ക്ക് മേഖലയില്‍ ഉന്നത വിദ്യാഭ്യാസമുള്ളവരെയാണ് ഇതില്‍ നിയമിച്ചിട്ടുള്ളത്. വിദഗ്ധ പരിശീലനവും തുടര്‍ പരിശീലനവും ഇവര്‍ക്ക് ഉറപ്പ് വരുത്തിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*