മാസപ്പടി കേസ്; ‘സേവനം നല്‍കാതെ പണം കൈപ്പറ്റി എന്നൊരു മൊഴി SFIOയ്ക്ക് നല്‍കിയിട്ടില്ല; പ്രചരിക്കുന്നത് വസ്തുതാവിരുദ്ധം’; വീണാ വിജയന്‍

മാസപ്പടി കേസില്‍ മാധ്യമങ്ങള്‍ പ്രചരിക്കുന്ന രീതിയില്‍ മൊഴി നല്‍കിയിട്ടില്ലെന്ന് വീണാ വിജയന്‍. സിഎംആര്‍എല്ലില്‍ നിന്ന് കരാറനുസരിച്ചുള്ള സേവനങ്ങള്‍ നല്‍കാതെ പണം കൈപ്പറ്റി എന്ന് എസ്എഫ്‌ഐഒയ്ക്ക് താന്‍ മൊഴി നല്‍കി എന്ന പ്രചാരണം തികച്ചും വസ്തുതാവിരുദ്ധമാണെന്ന് വീണാ പറയുന്നു. ഇത്തരം ചില വാര്‍ത്തകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടുവെന്നും ഇപ്പോള്‍ ചിലര്‍ പ്രചരിപ്പിക്കുന്ന തരത്തില്‍ ഒരു മൊഴിയും താന്‍ നല്‍കിയിട്ടില്ലെന്നും വീണ വ്യക്തമാക്കുന്നു.

ഞാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ മൊഴി നല്‍കുകയും അത് അവര്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്നത് വസ്തുതയാണ്. പക്ഷേ ഞാനോ എക്‌സാലോജിക് സൊല്യൂഷന്‍സോ സേവനങ്ങള്‍ നല്‍കാതെ സി എം ആര്‍ എല്ലില്‍ നിന്ന് എന്തെങ്കിലും പണം കൈപ്പറ്റി എന്ന തരത്തിലുള്ള ഏതെങ്കിലും മൊഴി അവിടെ നല്‍കിയിട്ടില്ല. വാസ്തവ വിരുദ്ധമാണ് ഇത്തരം പ്രചാരണങ്ങളെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നു – വീണ പറയുന്നു.

നേരത്തെ, ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ട് മന്ത്രി മുഹമ്മദ് റിയാസും രംഗത്തെത്തിയിരുന്നു. വീണയുടെ പേരില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ തെറ്റെന്ന് മുഹമ്മദ് റിയാസ് വ്യക്തമാക്കി. സേവനം നല്‍കാതെയാണ് പണം കൈപറ്റിയതെന്ന മൊഴി വീണ നല്‍കിയിട്ടില്ല. ഒരാള്‍ പറയാത്ത കാര്യമാണ് ഇപ്പോള്‍ വാര്‍ത്തയായി വരുന്നത്. കോടതിക്ക് മുമ്പാകെയുള്ള വിഷയമാണിതെന്നും പാര്‍ട്ടി നിലപാട് പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ പറയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Be the first to comment

Leave a Reply

Your email address will not be published.


*