ശബരിമല സ്വർണമല്ല രാജ്യത്തെ ഏറ്റവും വലിയ പ്രശ്നം, സാധാരണക്കാരുടെ നീറുന്ന പ്രശ്നങ്ങൾ വേറെയുണ്ട്, വാസവൻ നല്ല മന്ത്രി; വെള്ളാപ്പള്ളി നടേശൻ

ശബരിമല സ്വർണക്കൊള്ളയിൽ ഉപ്പ് തിന്നവൻ വെള്ളം കുടിക്കട്ടെയെന്ന് SNDP ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സകല ദേവസ്വം ബോർ‍‍ഡുകളും പിരിച്ചുവിടണം. ഇക്കാര്യം സർക്കാരിനെതിരെ തിരിച്ചു വിടുന്നത് എന്തിനാണ്? ദേവസ്വം മന്ത്രി രാജി വെയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തികച്ചും രാഷ്ട്രീയമാണ്. മന്ത്രിയും സർക്കാരും എന്തിന് രാജി വെക്കണം. ഉപ്പ് തിന്നവൻ വെള്ളം കുടിക്കട്ടെ. കാട്ടിലെ തടി, തേവരുടെ ആന എന്ന സ്ഥിതിയാണിപ്പോൾ.

ശബരിമലയിലെ സ്വർണമല്ല രാജ്യത്തെ ഏറ്റവും വലിയ പ്രശ്നം. സാധാരണക്കാരുടെ നീറുന്ന പ്രശ്നങ്ങൾ വേറെയുണ്ട്. രാഷ്ട്രീയക്കാർ അതൊന്നും കാണുന്നില്ല. തിരഞ്ഞെടുപ്പിൽ വോട്ട് ആക്കാനുള്ള രാഷ്ട്രീയ അടവ് നയമാണ് പാർട്ടികൾക്ക്. ദേവസ്വം മന്ത്രി രാജിവെക്കണം എന്നതിനോട്‌ യോജിപ്പില്ല. കടപ്പുറത്ത് പോയി കാള കുത്തിയതിന് വീട്ടിൽ വന്നു അമ്മയെ തല്ലരുത്. കോടതി എല്ലാം കണ്ടു പിടിക്കും. പുണ്യാളൻമാരൊക്കെ പാപികളാണെന്ന് തെളിയട്ടെ.

വാസവൻ നല്ല മന്ത്രി. മൂന്ന് വകുപ്പ് നല്ലപോലെ കൈകാര്യം ചെയ്യുന്നു. അഴിമതി ഇല്ലാത്ത മന്ത്രിയാണ് വാസവൻ. സതീശൻ കിടന്ന് നിലവിളിക്കുന്നു പ്രതിപക്ഷത്തിന് വേറെ പണിയൊന്നുമില്ല. പ്രതിപക്ഷ നേതാവിന്റെ കൂടെ ഇപ്പൊ ആരുമില്ലെന്ന അവസ്ഥയെന്നും വെള്ളാപ്പള്ളി വിമർശിച്ചു.

പി എം ശ്രീ പദ്ധതി കേന്ദ്രത്തിന്റേത്. കാലത്തിനൊത്ത് മാറണം. ദേശീയ വിദ്യാഭ്യാസ നയത്തിൽ നിന്ന് കേരളം എന്തിന് മാറി നിൽക്കണം?. മുന്നണിയിൽ ചർച്ച ചെയ്‌താൽ സിപിഐ സമ്മതിക്കും. ആദ്യം എതിർത്ത്, പിന്നീട് അംഗീകരിക്കുന്ന സ്വഭാവമാണ് സിപിഐക്ക്.

പിണറായി പറഞ്ഞാൽ മിണ്ടാതിരിക്കുന്ന പാർട്ടിയാണ് സിപിഐ. ഇന്ത്യ ബിജെപിയുടെ കൈയിലാണ്. നന്മ ഇല്ലാതെ അത് നടക്കുമോ. ജനപിന്തുണ ഇല്ലാതെ ഭരിക്കാൻ കഴിയുമോ. സിപിഐ പറയുന്നത് എല്ലാം നടക്കണമെന്നില്ലല്ലോ. മൗനം വിദ്വാന് ഭൂഷണം. അതാണ് സിപിഐക്ക് നല്ലത്. കുട്ടനാട്ടിലെ നെല്ല് സംഭരണ പ്രതിസന്ധിലാണ്.

ഭക്ഷ്യ മന്ത്രി ജീവിച്ചിരിപ്പുണ്ടോ. അങ്ങനെ ഒരു മന്ത്രി ഈ നാട്ടിൽ ഉണ്ടോ. ജി ആർ അനിലിന്റെ കയ്യിലിരിപ്പ് ശരിയല്ല. ഭരണം നന്നാവുന്നില്ല. പൂർണ പരാജയമെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. കോൺഗ്രസ് മുസ്ലീം ലീഗിന് അടിമയാണ്, എങ്ങനെ കേരളത്തിൽ ജയിക്കാനാണ്. കേരളത്തിൽ ബിജെപി വളർന്നു. ഇനിയും വളരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*