‘ഒരു പോറ്റി മാത്രം വിചാരിച്ചാല്‍ ഇത്രയും കൊണ്ടുപോകാനാകില്ല, പിന്നില്‍ വന്‍ ശക്തി; അന്വേഷണത്തിന് സിബിഐ വരട്ടെ’

ആലപ്പുഴ: ശബരിമലയില്‍ ഒരു പോറ്റി മാത്രം വിചാരിച്ചാല്‍ ഇത്രയും സാധനം എടുത്തു കൊണ്ടു പോകാന്‍ കഴിയില്ലെന്നും പിന്നില്‍ വന്‍ ശക്തികളുണ്ടെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സഹായിച്ചവരും സഹകരിച്ചവരും വീതം വച്ചവരും ഉണ്ടാകും. അന്വേഷണത്തിന് സിബിഐ വരട്ടെ. സംസ്ഥാന സര്‍ക്കാര്‍ ഇതിന് മുന്‍കൈ എടുക്കട്ടെയെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

‘1251 ക്ഷേത്രങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ളത്. ഇതില്‍ 51 ക്ഷേത്രങ്ങള്‍ക്ക് മാത്രമാണ് സ്വയംപര്യാപ്തതയുള്ളത്. ബാക്കിയുള്ളതെല്ലാം ശബരിമല അയ്യപ്പന്റെ കാരുണ്യത്തിലാണ് നടന്നുപോകുന്നത്. ഏതായാലും അയ്യപ്പനെ കൊണ്ടുപോയില്ല. അതുകൊണ്ട് പോയിട്ട് കാര്യമില്ല, കരിങ്കല്ലാണ്. കനമുള്ളതു കൊണ്ടു പോകാന്‍ പലരും ശ്രമിച്ചിട്ടുണ്ട്. എന്നും ഒരുപാട് അഴിമതിയും കെടുകാര്യസ്ഥതയുമുള്ള ബോര്‍ഡാണ് തിരുവിതാംകൂര്‍ ദേവസ്വം. ദേവസ്വം ബോര്‍ഡില്‍ ഗൂഢസംഘം ഇല്ലെങ്കില്‍ പിന്നെ എങ്ങനെയാണ് തട്ടിപ്പ് നടക്കുക. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണ സംവിധാനം മാറണം.’- വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

‘പല രാഷ്ട്രീയക്കാര്‍ക്കും ഇടംകൊടുക്കാനുള്ള ഇടമായി ദേവസ്വം ബോര്‍ഡുകള്‍ മാറിയിട്ടുണ്ട്. അവസരം കൊടുക്കാനുള്ള ഒരു ഇടനാഴിയായിട്ട് ദേവസ്വം ബോര്‍ഡുകളെ മാറ്റിയിട്ടുണ്ട്. രാഷ്ട്രീയക്കാരും വേണം, ഒപ്പം ഐഎഎസുകാരെ ഉള്‍പ്പെടുത്തി പുതിയ സംവിധാനം ഏര്‍പ്പെടുത്തണം. ഐഎഎസുകാര്‍ക്ക് കള്ളം ചെയ്യാന്‍ ഭയമാണ്. അവര്‍ക്ക് ഉത്തരവാദിത്തം ഉണ്ടാകും. രാഷ്ട്രീയക്കാര്‍ക്ക് എന്തും ചെയ്യാം. സര്‍ക്കാര്‍ നേരിട്ട് നിയന്ത്രിക്കണം. നിക്ഷേപമായി കിടക്കുന്ന കോടിക്കണക്കിനു രൂപയുടെ സമ്പത്ത് രാജ്യത്തെ വികസനത്തിനും ഭക്ത ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കും ഉപയോഗിക്കണം. ഗുരുവായൂരിലും കൂടല്‍മാണിക്യത്തിലും കോടികളുടെ സമ്പത്തുണ്ട്’- വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*