എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടി; വെള്ളാപ്പള്ളി നടേശൻ ഹൈക്കോടതിയിൽ അപ്പീൽ നൽകി

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടിയിൽ വെള്ളാപ്പള്ളി നടേശൻ ഹൈക്കോടതിയിൽ അപ്പീൽ നൽകി. സിംഗിൾ ബെഞ്ച് ഉത്തരവ് നിയമവിരുദ്ധമെന്നും അധികാര പരിധിക്ക് പുറത്തുള്ളതെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീൽ സമർപ്പിച്ചത്. കമ്പനി നിയമപ്രകാരമുള്ള തർക്കങ്ങൾ പരിഹരിക്കേണ്ടത് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ ആണ്. സിവിൽ കോടതികൾക്കോ ഹൈക്കോടതിക്കോ ഇതിൽ ഇടപെടാൻ അധികാരമില്ല. കൃത്യമായി വാർഷിക റിട്ടേണുകൾ സമർപ്പിച്ചിട്ടുണ്ട്.

ഡി.ഐ.എൻ നമ്പറിൽ സംസ്ഥാന സർക്കാർ ഇതുവരെ ചട്ടങ്ങൾ രൂപീകരിച്ചിട്ടില്ല. ഇതിൻ്റെ പേരിൽ ഡയറക്ടർമാരെ അയോഗ്യരാക്കിയത് നിയമവിരുദ്ധമാണെന്നും വെള്ളാപ്പള്ളി അപ്പീലിൽ ചൂണ്ടിക്കാട്ടി. വാദം പൂർത്തിയായി പതിനാല് മാസത്തോളം വിധി പറയാതെ മാറ്റിവെച്ചു. ഈ കാലതാമസം നീതിന്യായ വ്യവസ്ഥയുടെ ലംഘനമാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

അതേസമയം, വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി, പ്രസിഡന്‍റ് എം എൻ സോമൻ, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് തുടങ്ങി ബോർഡ് അംഗങ്ങളായ 170 പേരാണ് അയോഗ്യരാക്കപ്പെട്ടത്. ദീർഘനാളത്തെ നിയമപോരാട്ടത്തിന് ഒടുവിലാണ് എസ്.എൻ.ഡി.പി സംരക്ഷണ സമിതിയുടെ വാദങ്ങൾ കോടതി അംഗീകരിച്ചത്. നോൺ ട്രേഡിങ് കമ്പനിയായ എസ്എൻഡിപി യോഗം തുടർച്ചയായി മൂന്ന് വർഷം രജിസ്ട്രർ ഓഫ് കമ്പനിക്ക് തങ്ങളുടെ കണക്കുകൾ കൈമാറിയില്ല എന്നായിരുന്നു ഹർജി.

പ്രതിരോധിക്കാൻ വെള്ളാപ്പള്ളിയും കൂട്ടരും ശ്രമങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല.2014 മുതൽ അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കിയില്ലെന്നും ഡയറക്ടർമാർക്ക് ഡിൻ നമ്പർ ഇല്ലെന്നും കോടതി കണ്ടെത്തി. ഇതോടെയാണ് വെള്ളാപ്പള്ളിയുടെ സെക്രട്ടറി ജനറൽ സ്ഥാനം തെറിച്ചത്. ജസ്റ്റിസ് ടി ആർ രവിയുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഒമ്പത് വർഷമായി എസ്എന്‍ഡിപി യോഗത്തിന്‍റെ വാർഷിക വരവ് ചെലവ് കണക്ക് ഹാജരാക്കിയിട്ടില്ലെന്ന് കോടതി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*