പിഎം ശ്രീ പദ്ധതി: ജീവിച്ചിരിക്കുന്നു എന്ന് കാണിക്കാനാണ് സിപിഐ എതിർക്കുന്നത്; പരിഹസിച്ച് വെള്ളാപ്പള്ളി നടേശൻ

പിഎം ശ്രീ പദ്ധതിയിൽ ഇടഞ്ഞ സിപിഐയെ പരിഹസിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജീവിച്ചിരിക്കുന്നു എന്ന് കാണിക്കാനാണ് സിപിഐ എതിർക്കുന്നത്. മുഖ്യമന്ത്രി വന്ന് സംസാരിച്ചാൽ സിപിഐയുടെ പ്രശ്നമെല്ലാം അവിടെ തീരും. പിണറായിയുടെ അടുത്ത് പത്തി താഴ്ത്തുമെന്നും അല്ലാതെ എവിടെ പോകാനാണെന്നും വെള്ളാപ്പള്ളി നടേശൻ പരിഹസിച്ചു.

സി പി ഐ ഇതിന് മുമ്പ് പറഞ്ഞ വല്ല കാര്യവും പറഞ്ഞിടത്ത് നിന്നോയെന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചു. നാടോടുമ്പോൾ നടുവേ ഓടണം. കേന്ദ്ര സർക്കാറിൻ്റെ കോടിക്കണക്കിന് രൂപ നമുക്ക് കിട്ടേണ്ടത് വാങ്ങിച്ചെടുത്തേ പറ്റൂ. അതിന് നയ രൂപീകരണം വേണം. കേരളത്തിന് അവകാശപ്പെട്ട പണമാണത്. കാലഘട്ടത്തിനനുസരിച്ച് മാറേണ്ടതുണ്ട്. ആദർശം പറഞ്ഞ് നശിപ്പിക്കാതെ അവസരത്തിനൊത്ത് ഉയരണമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

സി പി ഐ എം – ബി ജെ പി അന്തർധാരയെന്നല്ല, പ്രായോഗിക ബുദ്ധി എന്നാണ് പറയേണ്ടതെന്നും ബിനോയ് വിശ്വം പറഞ്ഞതിൽ ഒരു കഥയില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. അതേസമയം ദേവസ്വം ബോർഡ് പിരിച്ചുവിടണമെന്ന ആവശ്യവും അദേഹം ഉയർത്തി. അല്ലെങ്കിൽ എല്ലാ ക്ഷേത്രങ്ങളും ഒറ്റ ബോർഡിന് കീഴിലാക്കണം. ദേവസ്വം ബോർഡിൻ്റെ മറവിൽ നടക്കുന്നത് വൻ അഴിമതി. ഉദ്യോഗസ്ഥരും ബോർഡും അഴിമതി നടത്തുന്നു. സർക്കാറിനെ പഴിച്ചിട്ട് കാര്യമില്ലെന്ന് വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*