‘ശബരിമല സ്വർണക്കൊള്ള തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ല; പോളിംഗ് ശതമാനം വർധിക്കുന്നത് നല്ലത്’; വെള്ളാപ്പള്ളി നടേശൻ

ശബരിമല സ്വർണക്കൊള്ള വിവാദം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഒരു പാളിയും തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. സ്ത്രീ പ്രവേശന വിവാദത്തിനിടയിലും എൽഡിഎഫ് വിജയിച്ച നാടാണിതെന്ന് അദേഹം പറഞ്ഞു. പോളിംഗ് ശതമാനം വർധിക്കുന്നത് നല്ലത്. പോളിംഗ് ഉയർന്നത് ഒരു തരംഗവും കൊണ്ടല്ലെന്നും വെള്ളപ്പള്ളി നടേശൻ പറഞ്ഞു.

ആലപ്പുഴയിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. മൂന്ന് മുന്നണികളും പിന്നോട്ട് പോയിട്ടില്ല. കടമെടുത്ത് ആണേലും സർക്കാർ പാവങ്ങളുടെ കണ്ണീരൊപ്പി. അത് ചെറുതായി കാണാനാകില്ല. അത് തിരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. രാഷ്ട്രീയത്തിന് ഉപരിയായി തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യപ്പെടും. പാർലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയമാണ് പ്രധാനമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

ആലപ്പുഴ കണിച്ചുകുളങ്ങര ദേവസ്വം ഗേൾസ് ഹൈസ്കൂളിലാണ് വെള്ളാപ്പള്ളി നടേശൻ വോട്ട് ചെയ്യാനെത്തിയത്. നടിയെ ആക്രമിച്ച കേസിൽ പ്രത്യേകിച്ച് ഒന്നും അറിയില്ല. നടൻ എന്ന നിലയിൽ ദിലീപ് നല്ലയാളാണ്. സ്വകാര്യ ജീവിതം അറിയില്ല. സ്വകാര്യജീവിതം പഠിച്ചാൽ നല്ലതൊന്നും കിട്ടില്ലെന്നും മനുഷ്യന് വേറെ എന്തൊക്കെ പണിയുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*