‘ഈഴവ സമുദായത്തിന് തന്നതെല്ലാം ലീഗ് അടിച്ചുമാറ്റി, എല്ലാം ഒപ്പിട്ട് എടുത്തു’; വെള്ളാപ്പള്ളി നടേശന്‍

മുസ്ലീം ലീഗിനെ രൂക്ഷമായി വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. യുഡിഎഫിന് അധികാരം കിട്ടിയാൽ മറ്റൊരു മാറാട് കലാപം സൃഷ്ടിക്കാൻ ലീഗിന് ദുഷ്ടലാക്കാണെന്നും മുസ്ലിം സമുദായത്തെ ഈഴവർക്ക് എതിരാക്കാൻ ലീഗ് ശ്രമിക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മതസൗഹാർദമില്ലാതാക്കി വർഗീയ കലാപം നടത്താനുള്ള ലീഗിന്റെ കുൽസിത ശ്രമമാണ് നടത്തുന്നതെന്ന് അദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഈഴവ സമുദായത്തിന് തന്നതെല്ലാം ലീഗ് അടിച്ചുമാറ്റിയെന്ന് വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. യുഡിഎഫ് അധികാരത്തിൽ ഇരുന്നപ്പോൾ എല്ലാം ഒപ്പിട്ട് എടുത്തു. അധികാരത്തിൽ ഇരുന്നപ്പോൾ സാമൂഹിക നീതി നടപ്പാക്കിയില്ല. വകുപ്പും മന്ത്രിയും ഒക്കെ മലപ്പുറത്തു നിന്ന് പ്രഖ്യാപിക്കപ്പെട്ടു. വിദ്യാഭ്യാസ വകുപ്പ് ലീഗിന്റേത് മാത്രമാക്കിയെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ആത്മപരിശോധന നടത്താന്‍ മുസ്ലിം ലീഗിനം വെല്ലുവിളിക്കുന്നു. ഒരു ജില്ലയില്‍ മാത്രം 18 കോളജ്. 1200 ഓളം സ്‌കൂളുകള്‍. അധികാരത്തില്‍ ഇരുന്നപ്പോള്‍ എല്ലാം ഒപ്പിട്ടെടുത്തെന്ന് അദേഹം പറഞ്ഞു.

മുസ്ലീങ്ങള്‍ക്ക് കൊടുത്തോട്ടെ എന്നാല്‍ സാമൂഹിക നീതി നടപ്പാക്കിയില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സര്‍ക്കാരിനെ കുറ്റപ്പെടുത്താനില്ല. ഒരു അക്രമ സംഭവങ്ങളോ മത-സാമുദായിക തുല്യത പാലിച്ചുകൊണ്ടാണ് മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. സമാധാനവും ശാന്തതയും ഇവിടെ നിലനില്‍ക്കണമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ജാതിപരമായ വിവേചനം അനുഭവിക്കാന്‍ തുടങ്ങിയിട്ട് കുറേ വര്‍ഷങ്ങളായി. പറഞ്ഞതിലെല്ലാം ഉറച്ച് നില്‍ക്കുകയാണെന്ന് വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.

അതേസമയം വെള്ളാപ്പള്ളി നടേശൻ സിപിഐയ്ക്ക് എതിരായ വിമർശനം തുടർന്നു. മുന്നണിയിൽ പറയേണ്ടത് പുറത്ത് പറഞ്ഞ് സിപിഐ ചർച്ചയാക്കി. സിപിഐ നിലപാട് മുന്നണിയിൽ അനൈക്യമെന്ന തോന്നലുണ്ടാക്കി. ഇടതിന്റെ പിൻബലം പിന്നാക്കക്കാരുടെ പിന്തുണയെന്ന് സിപിഐ മനസിലാക്കണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

അതിനിടെ മാധ്യമപ്രവർത്തകനെ തീവ്രവാദി എന്ന് വിളിച്ച് വെള്ളാപ്പള്ളി നടേശൻ ആക്ഷേപിച്ചു. മാധ്യമപ്രവർ‌ത്തകൻ ഈരാറ്റുപേട്ടക്കാരനാണെന്നും തീവ്രവാദി ആണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം. തീവ്രവാദി എന്ന പരാമർശം മാധ്യമപ്രവർത്തകർ ചോദ്യം ചെയ്തതിനോട് വെള്ളാപ്പള്ളി ക്ഷുഭിതനായി. വിവരം കിട്ടിയ അടിസ്ഥാനത്തിൽ ആണ് തീവ്രവാദി എന്ന് പറഞ്ഞതെന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.

Be the first to comment

Leave a Reply

Your email address will not be published.


*