‘മനസില്‍ ഒന്നുവെച്ച് വേറെ കാര്യം പറയുന്ന ആളല്ല വെള്ളാപ്പള്ളി, ഉള്ള കാര്യം തുറന്നു പറയും’

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മനസില്‍ ഒന്നുവെച്ച് വേറെ കാര്യം പറയുന്ന ആളല്ല വെള്ളാപ്പള്ളിയെന്നും ഉള്ള കാര്യം തുറന്നു പറയുമെന്നും ചെന്നിത്തല പറഞ്ഞു. വര്‍ഗീയ പ്രസ്താവനകളെ തുടര്‍ന്ന് വെള്ളാപ്പള്ളിക്കെതിരെ വ്യാപക വിമര്‍ശനമുയരുന്നതിനിടെയാണ് പുകഴ്ത്തല്‍. വെള്ളാപ്പള്ളി നടേശന് സ്വീകരണം നല്‍കുന്ന വേദിയില്‍ വെച്ചാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവന.

ധാരാളം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ വെള്ളാപ്പള്ളി അതുപോലെ തന്നെ സ്നേഹവും ഏറ്റുവാങ്ങി. എസ്എന്‍ഡിപി യോഗത്തെ കേരളത്തിലെ പാവപ്പെട്ടവര്‍ക്ക് എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെ പറ്റി ആലോചിച്ചാണ് വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോയത്. ഉച്ചനീചത്വങ്ങള്‍ക്കെതിരെ എസ്എന്‍ഡിപി യോഗത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ അദ്ദേഹത്തിന് സാധിച്ചു. നിലപാടുകള്‍ എങ്ങനെ എസ്എന്‍ഡിപിക്ക് പ്രയോജനപ്പെടുത്താം എന്നാണ് അദ്ദേഹം ചിന്തിക്കുന്നതെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വളര്‍ന്നു. ഏറ്റവും അഭിനന്ദനാര്‍ഹമായ പദ്ധതി മൈക്രോ ഫൈനാന്‍സിങ് ആണെന്നും ദാരിദ്ര നിര്‍മാര്‍ജനവും തൊഴില്‍ ഇല്ലായ്മയെയും പരിഹരിക്കാനുള്ള കണ്ടെത്തലുകള്‍ അഭിനന്ദനാര്‍ഹമാണെന്നും ചെന്നിത്തല പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം അറിയിച്ച നേതാവ് മൂന്നുപതിറ്റാണ്ട് കാലം ജനറല്‍ സെക്രട്ടറി എന്ന പദം പൂര്‍ണമായും അന്വര്‍ഥമാക്കിയ വെള്ളാപ്പള്ളിക്ക് ആശംസകളും നേര്‍ന്നു.

Be the first to comment

Leave a Reply

Your email address will not be published.


*