
വെഞ്ഞാറമൂട് കൂട്ടക്കൊല കേസില്‍ രണ്ടാമത്തെ കുറ്റപത്രം ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചു. അഫാന്റെ പിതൃസഹോദരന്‍ അബ്ദുള്‍ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം. കേസ് അന്വേഷിച്ച കിളിമാനൂര്‍ സി ഐ ബി. ജയനാണ് നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 543 പേജുകളിലായാണ് കുറ്റപത്രം തയ്യാറാക്കിയത്. 110 സാക്ഷികളും, 116 തൊണ്ടിമുതലും, CCTV ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള 70 ഡിജിറ്റല്‍ തെളിവുകളുമാണ് കുറ്റപത്രത്തില്‍ ഉള്ളത്.
അഫാന് കൊല്ലപ്പെട്ട ലത്തീഫിനോടും ഷാഹിദയോടും വൈരാഗ്യം ഉണ്ടായിരുന്നു എന്ന് കുറ്റപത്രം വ്യക്തമാക്കുന്നു. അഫാന്റെ മാതാവില്‍ നിന്നും ചിട്ടിതുകയായി ലഭിക്കാനുള്ള പണം തിരികെ ചോദിച്ചതാണ് പ്രധാന കാരണം. വീട് വിറ്റ് സാമ്പത്തിക ബാധ്യതകള്‍ തീര്‍ത്ത് വിദേശത്തുള്ള പിതാവിനെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും മൊഴിയുണ്ട്. അഫാനും കുടുംബവും സാമ്പത്തിക പ്രതിസന്ധിയിലായപ്പോള്‍ സഹായിക്കാതെ കുറ്റപ്പെടുത്തിയതും വൈരാഗ്യത്തിന് കാരണമായി. പെണ്‍സുഹൃത്ത് ഫര്‍സാനയുമായുള്ള ബന്ധം അബ്ദുള്‍ ലത്തീഫ് എതിര്‍ത്തതും കൊലയ്ക്ക് കാരണമായി എന്നും കുറ്റപത്രത്തില്‍ പറയുന്നു.
നേരത്തെ മുത്തശി സല്‍മാബീവിയെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രം പാങ്ങോട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സഹോദരനെയും പെണ്‍ സുഹൃത്തിനെയും കൊലപ്പെടുത്തുകയും അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ കുറ്റപത്രം വെഞ്ഞാറമൂട് പൊലീസും ഉടന്‍ സമര്‍പ്പിക്കും.
അതേസമയം, ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ച അഫാന്റെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ട്. പേര് വിളിച്ചപ്പോള്‍ കണ്ണുതുറക്കാന്‍ ശ്രമിച്ചയാതി ഡോക്ടര്‍മാര്‍. തലച്ചോറിനേറ്റ ക്ഷതങ്ങളുടെ സങ്കീര്‍ണ്ണത മനസിലാക്കാന്‍ ഇടവിട്ടുള്ള എംആര്‍ഐ സ്‌കാനിങ്ങിന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ 48 മണിക്കൂര്‍ ആയി വെന്റിലേറ്ററിന്റെ സഹായത്തിലാണ് അഫാന്‍. അപകടനില തരണം ചെയ്‌തെന്ന് ഈ അവസരത്തില്‍ പറയാന്‍ കഴിയില്ല എന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. തൂങ്ങിമരിക്കാന്‍ ശ്രമിച്ചതിനിടെ തലക്കേറ്റ ക്ഷതം ഗുരുതരമാണ്. ദീര്‍ഘനാളത്തെ ചികിത്സ വേണ്ടിവരും എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
Be the first to comment