തിരുവല്ലയില്‍ പ്രണയപ്പകയില്‍ വിദ്യാര്‍ഥിനിയെ കത്തിച്ചുകൊന്നു; ശിക്ഷാവിധി ഇന്ന്

തിരുവല്ലയില്‍ കവിത എന്ന പെണ്‍കുട്ടിയെ പട്ടാപ്പകല്‍ നടുറോഡില്‍ കുത്തിവീഴ്ത്തിയശേഷം പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്. പ്രതി അജിന്‍ റെജി മാത്യു കുറ്റക്കാരനെന്ന് അഡീഷണല്‍ ജില്ലാ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകളിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.

2019 മാര്‍ച്ച് 12ന് തിരുവല്ലയിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഇടറോഡില്‍ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. കവിയൂര്‍ സ്വദേശിനിയായ കവിത(19)യെ തിരുവല്ല നഗരത്തില്‍ വെച്ച് അജിന്‍ റെജി മാത്യു തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടി പ്രണയാഭ്യര്‍ഥന നിരസിച്ചതായിരുന്നു കൊലപാതകത്തിന് കാരണം.

കവിതയും പ്രതിയും ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ ഒരുമിച്ച് പഠിച്ചവരായിരുന്നു. ഇതിനുശേഷം കവിത തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ എംഎല്‍ടി കോഴ്സിന് ചേര്‍ന്നു. പ്രണയാഭ്യര്‍ഥന നിരസിച്ച വൈരാ?ഗ്യത്തില്‍ നടന്നുപോവുകയായിരുന്ന കവിതയുടെ പിന്നാലെയെത്തി ആദ്യം കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. പിന്നാലെ കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ കവിത എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ആക്രമണത്തിനു ശേഷം കടന്നുകളയാന്‍ ശ്രമിച്ച അജിനെ, കൈ കാലുകള്‍ ബന്ധിച്ച് നാട്ടുകാര്‍ പോലീസില്‍ ഏല്‍പിക്കുകയായിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്ന് കവിതയുടെ കുടുംബം ആവശ്യപ്പെട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*