ആരോഗ്യപരമായ ജീവിതത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനകീയ കാംപെയ്ന്‍ ‘ആരോഗ്യം ആനന്ദം വൈബ് ഫോര്‍ വെല്‍നസ്’ ഉദ്ഘാടനം പുതുവര്‍ഷദിനമായ നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പകല്‍ 11.30ന് നടക്കുന്ന പരിപാടിയില്‍ മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും. കാസര്‍കോടുനിന്ന് ഡിസംബര്‍ 26ന് ആരംഭിച്ച വിളംബര ജാഥയുടെ സമാപനവും വ്യാഴാഴ്ച നടക്കും.
ആരോഗ്യകരമായ ഭക്ഷണം, വ്യായാമം, ഉറക്കം, ആരോഗ്യ പരിപാലനം എന്നീ നാല് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് കാംപെയ്ന്‍. ജനുവരി ഒന്നിന് 10 ലക്ഷത്തോളം പേര്‍ പുതുതായി വ്യായാമത്തിലേക്കെത്തുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആര്‍ദ്രം മിഷന്‍ രണ്ട് കാംപെയ്‌നിന്റെ ഭാഗമായുള്ള പദ്ധതികളുടെ തുടര്‍ച്ചയാണ് ‘ആരോഗ്യം ആനന്ദം -വൈബ് ഫോര്‍ വെല്‍നസ്’. ജീവിതശൈലീരോഗ പ്രതിരോധം, ആരോഗ്യം ആനന്ദം അകറ്റാം അര്‍ബുദം എന്നീ ജനകീയ കാംപെയ്‌നുകള്‍ സംഘടിപ്പിച്ചിരുന്നു. ഇവ വിജയമായതിന് പിന്നാലെയാണ് പുതിയ കാംപെയ്ന്‍. കാംപെയ്‌നില്‍ യുവാക്കളെയും കുട്ടികളെയും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിനായി സജ്ജമാക്കും. സര്‍ക്കാര്‍, തദ്ദേശ സ്ഥാപങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് ക്യാമ്പസുകളിലും പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കും. അങ്കണവാടികള്‍ മുതല്‍ ഐടി പാര്‍ക്ക് വരെ വ്യായാമ സൗകര്യം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.



Be the first to comment