ന്യൂഡൽഹി: കേരളത്തിലെ രണ്ട് സാങ്കേതിക സർവകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട് സർക്കാരും ഗവർണറും തമ്മില്‍ നിലനിന്നിരുന്ന ദീർഘകാല തർക്കം പരിഹരിച്ചതില്‍ സംതൃപ്‌തിയറിയിച്ച് സുപ്രീം കോടതി. ചാൻസലർ എന്ന നിലയിൽ ഗവർണറും സർക്കാരും തമ്മിൽ സമവായത്തിലെത്തിയതായും എപിജെ അബ്‌ദുല്‍ കലാം ടെക്നോളജിക്കൽ യൂണിവേഴ്‌സിറ്റി (കെ.ടി.യു), കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ ആൻഡ് ടെക്നോളജി എന്നിവയിലേക്ക് നിയമനങ്ങൾ നടത്തിയതായും ജസ്റ്റിസുമാരായ ജെബി പർദിവാലയും കെവി വിശ്വനാഥനും അടങ്ങുന്ന ബെഞ്ചിനെ അറിയിച്ചിരുന്നു.
“ഇന്ന്, രണ്ട് സർവകലാശാലകളിലെയും വിസി തസ്‌തികയിലേക്കുള്ള നിയമനങ്ങൾ പാനൽ സ്ഥാനാർഥികളുടെ പട്ടികയിൽ നിന്നാണ് നടത്തിയതെന്ന് ചാൻസലറും സർക്കാരും അറിയിച്ചതില്‍ സന്തോഷമുണ്ട്.” -ജസ്റ്റിസ് പർദിവാല അധ്യക്ഷനായ ബെഞ്ച് ഉത്തരവിൽ പറഞ്ഞു.
വിരമിച്ച സുപ്രീം കോടതി ജഡ്‌ജി ജസ്റ്റിസ് സുധാൻഷു ധൂലിയയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയ്‌ക്കും സുപ്രീം കോടതി നന്ദി അറിയിച്ചു. കോടതിയാണ് വിഷയത്തില്‍ ധൂലിയയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ചത്. എല്ലാ പങ്കാളികളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നതിനായി സർവകലാശാലകളില്‍ സ്ഥിരം വിസിമാരെ നിയമിക്കാനായിരുന്നു തങ്ങളുടെ ശ്രമമെന്നും കോടതി വ്യക്തമാക്കി.
“പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ കോടതിയുടെ സമയോചിതവും നിർണായകവുമായ ഇടപെടൽ എത്രത്തോളം സഹായകരമാകുമെന്ന് ഈ കേസ് വ്യക്തമാക്കുന്നു,” ജസ്റ്റിസ് പർദിവാലയുടെ ബെഞ്ച് പറഞ്ഞു.
ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള തർക്കം മൂലം അത്യാധുനിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകൾ നാഥനില്ലാ കളരിപോലെ തുടരുകയായിരുന്നു എന്നും കോടതി പറഞ്ഞു. തർക്കത്തിനിടയില്‍ പെട്ട് ഉഴലുന്ന വിദ്യാർഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും കുറിച്ചായിരുന്നു തങ്ങളുടെ ആശങ്കയെന്നും സുപ്രീം കോടതി പറഞ്ഞു. വിഷയം മനോഹരമായി പരിഹരിച്ചെന്നും കോടതി കൂട്ടിച്ചേർത്തു.
ഗവർണർ തന്നെ മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചതിനെത്തുടർന്ന് പ്രതിസന്ധി പരിഹരിച്ചതായി ഗവർണർക്കുവേണ്ടി ഹാജരായ അറ്റോർണി ജനറൽ എൻ. വെങ്കിട്ടരമണി സുപ്രീം കോടതിയെ അറിയിച്ചു. “ഗവർണർ തന്നെ മുഖ്യമന്ത്രിയെ വിളിച്ചു, അവർ കൂടിക്കാഴ്‌ച നടത്തി. അങ്ങനെ ഒടുവിൽ ആ പ്രശ്‌നം പരിഹരിക്കപ്പെട്ടു,” അദ്ദേഹം പറഞ്ഞു.
“ഭാവിയിലും സർക്കാരും ഗവർണറും ഇതുപോലെ ആരോഗ്യകരമായി ചർച്ച ചെയ്യുകയും രാജ്യത്തിന്‍റെ വിശാലമായ താൽപ്പര്യം കണക്കിലെടുത്ത് ഒരു ധാരണയിലെത്തുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.” ജസ്റ്റിസ് പർദിവാലയുടെ ബെഞ്ച് പറഞ്ഞു. അതേസമയം, ഈ വിഷയത്തിൽ ഉന്നയിച്ച മറ്റ് നിയമപരമായ വിഷയങ്ങള്‍ പിന്നീട് പരിഗണിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.



Be the first to comment