വിജയ് ഉടൻ കരൂരിലേക്കില്ല; മരിച്ചവരുടെ കുടുംബങ്ങളെ ചെന്നൈയിലെത്തിക്കും, മഹാബലിപുരത്ത് കൂടിക്കാഴ്ച

ടിവികെ അധ്യക്ഷൻ വിജയ് ഉടൻ കരൂരിലേക്കില്ല. കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ ചെന്നൈയിൽ എത്തിക്കും. അടുത്താഴ്ച മഹാബലിപുരത്ത് എല്ലാവരെയും ഒന്നിച്ചു കാണാനാണ് തീരുമാനം.ടിവികെ നേതാക്കൾ കുടുംബാംഗങ്ങളുമായി സംസാരിച്ചു. ചെന്നൈയിലേക്ക് വരാമെന്ന് ഭൂരിഭാഗം കുടുംബങ്ങളും സമ്മതിച്ചെന്നാണ് സൂചന.

കരൂരിൽ ടിവികെയ്ക്ക് ഹാൾ ലഭിച്ചിച്ചിരുന്നു. രണ്ട് ഓഡിറ്റോറിയത്തിന്റെ ഉടമകൾ വാക്ക് നൽകിയതിന് ശേഷം പിന്മാറി. ഡിഎംകെയുടെ സമ്മർദത്തെ തുടർന്നാണ് ഉടമകൾ പിന്മാറിയതെന്ന് ടിവികെ ആരോപിച്ചു.

നാമക്കലിൽ ഓഡിറ്റോറിയം തയ്യാറാക്കിയിരുന്നെങ്കിലും വിജയ് കരൂരിൽ തന്നെ പരിപാടി നടത്തണമെന്ന് നിർദേശിക്കുകയായിരുന്നു. കരൂർ സന്ദർശനം വൈകുമെന്ന് വ്യക്തമായതോടെയാണ് പുതിയ തീരുമാനം.
എന്നാൽ തീരുമാനത്തോട് ടിവികെയിൽ ഒരു വിഭാഗത്തിന് എതിർപ്പുണ്ട്. ചെന്നൈയിലെ പരിപാടി പാർട്ടിക്ക് തിരിച്ചടി ആകുമെന്ന് നേതാക്കൾ വിലയിരുത്തുന്നു. അതേസമയം വിജയ് അടുത്ത മാസം സംസ്ഥാന പര്യടനം പുനരാരംഭിക്കും. സുരക്ഷ ഒരുക്കാൻ സംസ്ഥാന സർക്കാരിന് ഉടൻ അപേക്ഷ നൽകും.

സെപ്റ്റംബർ 27നായിരുന്നു ടിവികെയുടെ റാലിയിൽ പങ്കെടുക്കുന്നതിനായി എത്തിയവർ തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. 41 പേരായിരുന്നു മരിച്ചത്. കരൂർ അപകടത്തിൽ വിജയ് പ്രഖ്യാപിച്ച ധനസഹായം കൈമാറിയിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ അകൗണ്ടിൽ നൽകിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*