
സംസ്ഥാന പര്യടനത്തിൻ്റെ ഭാഗമായി തമിഴക വെട്രിക് കഴകം അധ്യക്ഷൻ വിജയ് ഇന്ന് നാമക്കലിലും കരൂരിലും എത്തും. കരൂരിൽ പ്രസംഗിക്കാനായി വിജയ് ആവശ്യപ്പെട്ട മൂന്ന് ഇടങ്ങളിലും പോലീസ് അനുമതി നൽകിയില്ല.വിജയ്യുടെ സംസ്ഥാനപര്യടനം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോഴും പ്രസംഗവേദികൾ സംബന്ധിച്ച് പോലീസുമായുള്ള തർക്കം തുടരുകയാണ്.
വിജയ് ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ പ്രസംഗിക്കാൻ സ്ഥിരമായി പോലീസ് അനുമതി നൽകുന്നില്ലെന്നാണ് ടി വി കെയുടെ ആക്ഷേപം. കരൂരിൽ പ്രസംഗിക്കാനുള്ള സ്ഥലം തീരുമാനമായത് ഇന്നലെ ഉച്ചയ്ക്ക് മാത്രം. വിജയ് ആവശ്യപ്പെട്ട മൂന്ന് സ്ഥലങ്ങളിലും അനുമതി നൽകാതിരുന്ന പോലീസ് കഴിഞ്ഞ ദിവസം എടപ്പാടി പളനിസ്വാമി സംസാരിച്ച വേലുച്ചാമിപുരത്ത് പ്രസംഗിക്കാൻ വിജയ്യോടും ആവശ്യപ്പെട്ടു. മറ്റു വഴികളില്ലാത്തതിനാൽ ടി വി കെയ്ക്ക് വഴങ്ങേണ്ടി വന്നു.
മുഖ്യമന്ത്രി എം കെ സ്റ്റാലിൻ തൻ്റെ യാത്രയ്ക്ക് മേൽ അനാവശ്യനിയന്ത്രണങ്ങൾ ഏർപെടുത്തുന്നുവെന്ന് വിജയ് ആരോപിച്ചിരുന്നു. ഇന്നും ഇക്കാര്യത്തിൽ രൂക്ഷ വിമർശനമുയർത്താനാകും വിജയ് ശ്രമിക്കുക. ശനിയാഴ്ച മാത്രം പുറത്തിറങ്ങുന്നയാൾ എന്ന ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ്റെ ആക്ഷേപത്തിനും വിജയ് മറുപടി നൽകിയേക്കും. നാമക്കലിൽ ആർ പി പുത്തൂരിൽ കെ എസ് സിനിപ്ലക്സിന് സമീപമാണ് വിജയ് പ്രസംഗിക്കുക.
Be the first to comment