‘പൊങ്കലിന് നാട്ടിൽ പോകണം, നാളെ ഹാജരാകാൻ കഴിയില്ല’; വിജയ്‌യുടെ ആവശ്യം അംഗീകരിച്ച് സിബിഐ

കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ ടിവികെ അധ്യക്ഷനും നടനുമായ വിജയ് നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല. പൊങ്കൽ ഉത്സവം കണക്കിലെടുത്ത് നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യം സിബിഐ അംഗീകരിച്ചു. ഇന്ന് നാല് മണിക്കൂറോളമാണ് സിബിഐ സംഘം വിജയ്‌യെ ചോദ്യം ചെയ്തത്.

ഇന്ന് രാവിലെ 11.30നാണ് വിജയ് സിബിഐ ആസ്ഥാനത്ത് എത്തിയത്.ദുരന്തവുമായി ബന്ധപ്പെട്ട 35 പ്രധാന ചോദ്യങ്ങളാണ് സിബിഐ ചോദിച്ചത്. കരൂർ അപകടത്തിന്റെ ഉത്തരവാദിത്തം പ്രാദേശിക ഭരണകൂടത്തിനാണെന്നാണ് വിജയ്‌യുടെ മൊഴി. വിവരങ്ങൾ മുൻകൂട്ടി അറിയിച്ചിരുന്നതായും വിജയ് മൊഴി നൽകിയതായി വിവരം. ദുരന്തത്തിൽ സർക്കാരിനും പോലീസിനും വീഴ്ച പറ്റിയെന്ന വിജയ്‌യുടെ മുൻപത്തെ ആരോപണങ്ങൾക്കുള്ള തെളിവുകളും സിബിഐ ആരാഞ്ഞു. ചോദ്യം ചെയ്യൽ വിഡിയോയിൽ ചിത്രീകരിച്ചില്ല.

നേരത്തെ, ടിവികെ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ്, ആദവ് അര്‍ജുന തുടങ്ങിയ നേതാക്കളെ, സിബിഐ പലവട്ടം ഓഫിസിലേക്ക് വിളിച്ച് വരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിജയ്ക്ക് സമന്‍സ് അയച്ചത്. കഴിഞ്ഞ ദിവസം വിജയ്‌യുടെ പ്രചാരണ വാഹനം സിബിഐ കസ്റ്റഡിയില്‍ എടുത്തിരുന്നു. കരൂരിലെ സിബിഐ ഓഫിസിലെത്തിച്ച് വാഹനം പരിശോധനയ്ക്ക് ശേഷം, ഉപാധികളോടെ വിട്ടുനല്‍കി. 2025 സെപ്റ്റംബര്‍ 24നാണ് കരൂരിലെ വിജയുടെ റാലിയ്ക്കിടെ ദുരന്തമുണ്ടായത്. തിക്കിലും തിരക്കിലുംപെട്ട് 41 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

Be the first to comment

Leave a Reply

Your email address will not be published.


*