
എ ഐ യുടെ വളർച്ചയോടെ ഒരു ഫോട്ടോ നൽകിയാൽ അതിനെ ഏത് രൂപത്തിലേക്കും മാറ്റിയെടുക്കാൻ ഇപ്പോൾ അധികം സമയം ഒന്നും വേണ്ട. ഇങ്ങനെ ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ ചില ട്രെൻഡുകൾ എത്തുകയും നമ്മളെല്ലാം അതിന് പിന്നാലെ പോകാറുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയ ഭരിച്ചുകൊണ്ടിരിക്കുന്നത് ഗൂഗിൾ ജെമിനിയുടെ ബനാന എ ഐ സാരി ട്രെൻഡാണ്. ട്രെൻഡ് എത്തിയപ്പോഴേക്കും സമൂഹമാധ്യമങ്ങളിൽ വിന്റേജ് സുന്ദരിമാരുടെ തിക്കും തിരക്കുമാണ്. സുന്ദരിമാർ മാത്രമല്ല സുന്ദരന്മാരും ട്രെന്റിന് ഒപ്പമുണ്ട്.
ബനാന ട്രെൻഡിൽ സുരക്ഷാ വീഴ്ച ഉണ്ടെന്നും , ചിത്രവും പ്രോംപ്റ്റും നൽകിയപ്പോൾ തിരികെ ലഭിച്ച ചിത്രം കണ്ട് ഞെട്ടിയെന്നും ചൂണ്ടിക്കാട്ടി ഝലക്ഭവാനി എന്ന യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയും ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുമുണ്ട്. താൻ നൽകിയ ചിത്രത്തിൽ മറുക് ഉണ്ടായിരുന്നില്ലെന്നും , തൻ്റെ ശരീരത്തിലുള്ള മറുക് ജെമിനി എങ്ങനെ അറിഞ്ഞെന്നുമുള്ള യുവതിയുടെ ചോദ്യം വലിയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. വീഡിയോ പോസ്റ്റ് ചെയ്‌തതിന് പിന്നാലെ വലിയ പ്രതികരണങ്ങളാണ് ഇതിന് ലഭിക്കുന്നത്. പലർക്കും ഇതേ അനുഭവം ഉണ്ടായെന്ന തരത്തിലുള്ള കമന്റുകളും വീഡിയോയ്ക്ക് അടിയിൽ പ്രത്യക്ഷപെട്ടു.
എന്നാൽ ഒരു ഗൂഗിൾ പ്രോഡക്റ്റായ ജെമിനി നമ്മൾ നൽകുന്ന ഫോട്ടോയ്‌ക്കൊപ്പം മുൻപ് നമ്മൾ നൽകിയിട്ടുള്ള എല്ലാ ചിത്രങ്ങളും അനലൈസ് ചെയ്തായിരിക്കും ചിത്രങ്ങൾ നിർമ്മിച്ച് നൽകുന്നതെന്നാണ് ചിലർ പറയുന്നത്. ഇന്റർനെറ്റിൽ നിന്നുള്ള ചിത്രങ്ങൾ എഐ ടൂളുകൾ വിശകലനം ചെയ്യുമെന്നും അത് എഐ ചിത്രങ്ങൾ സൃഷ്ടിക്കാനായി ഉപയോഗിക്കുമെന്നുമുള്ള അഭിപ്രായങ്ങളും ഇതിനോടൊപ്പം വരുന്നുണ്ട്. നമ്മുടെ അനുവാദമില്ലാതെ ചിത്രങ്ങൾ എങ്ങനെ അവർ അനലൈസ് ചെയ്യുന്നു എന്ന ചോദ്യങ്ങളും ഇതിനോടപ്പം തന്നെ ഉയർന്ന വരുന്നുണ്ട്. ഏതായാലും ചിത്രങ്ങൾ നൽകുമ്പോൾ നമ്മൾ ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്.
Be the first to comment