ബ്രിട്ടനില്‍ ജലദോഷം, ഫ്‌ലൂ, കോവിഡ് എന്നീ രോഗങ്ങള്‍ക്ക് കാരണമാകുന്ന വൈറസുകള്‍ അതിവേഗം വ്യാപിക്കുകയാണെന്ന് റിപ്പോർട്ട്

ലണ്ടന്‍: ബ്രിട്ടനില്‍ ജലദോഷം, ഫ്‌ലൂ, കോവിഡ് എന്നീ രോഗങ്ങള്‍ക്ക് കാരണമാകുന്ന വൈറസുകള്‍ അതിവേഗം വ്യാപിക്കുകയാണെന്ന് റിപ്പോർട്ട്. ഇംഗ്ലണ്ടില്‍ ജലദോഷം സ്ഥിരീകരിച്ചവരുടെ എണ്ണം ഒരാഴ്ച കൊണ്ട് മൂന്നിലൊന്ന് വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.  യു കെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയാണ് (യു കെ എച്ച് എസ് എ) ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 18 വരെയുള്ള ഒരു മാസക്കാലത്ത്, ഇംഗ്ലണ്ടില്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശനം തേടുന്നവരുടെ എണ്ണത്തില്‍ 60 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.  ഈ വര്‍ഷത്തെ വാക്സിനേഷന്‍ പദ്ധതി ആരംഭിക്കുന്നതിനും മുൻപ് തന്നെ കോവിഡും ഫ്‌ലൂവും അതിവേഗം വ്യാപിക്കാന്‍ ആരംഭിച്ചതെന്നതും ആശങ്കയുയര്‍ത്തുന്നുണ്ട്. 

ഈ വര്‍ഷത്തെ കോവിഡ് വകഭേദമായ സ്ട്രാറ്റസും നിംബസും തൊണ്ടയ്ക്കുള്ളില്‍ കടുത്ത അസ്വസ്ഥത ഉണ്ടാവുന്ന ലക്ഷണം കൂടി പ്രകടിപ്പിക്കുന്നുണ്ട്.  അതിനോടൊപ്പം സാധാരണ ലക്ഷണങ്ങളായ തലവേദന, തുടര്‍ച്ചയായ ചുമ, മൂക്കൊലിപ്പ്, പനി എന്നിവയും ഉണ്ടാകും. ബ്രിട്ടനില്‍ വരുന്നതിന് മുന്‍പെ ഫ്‌ലൂ സീസണ്‍ എത്തുന്ന ആസ്‌ട്രേലിയയിലെ സ്ഥിതി പരിഗണിച്ചാല്‍ ഈ വര്‍ഷം ബ്രിട്ടനെയും ഫ്‌ലൂ ഗുരുതരമായി ബാധിക്കും എന്ന് കണക്കാക്കാം. റെസ്പിരേറ്ററി സിംസൈഷ്യല്‍ വൈറസ് (ആര്‍ എസ് വി) ആണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്ന മൂന്നാമത്തെ വൈറസ്.

ഫ്‌ലൂ ബാധയില്‍ നിന്നും മുക്തി നേടുന്ന സമയത്ത് ശരീരത്തിന്റെ രോഗ പ്രതിരോധ സംവിധാനം ബാക്ടീരിയ ബാധ തടുക്കുന്നതില്‍ താരതമ്യേന ദുര്‍ബലമായിരിക്കും ഇത്. ചിലപ്പോള്‍ ന്യൂമോകോക്കല്‍ ന്യൂമോണിയയ്ക്ക് കാരണമായേക്കാം. അതിനാല്‍ തന്നെ നിങ്ങള്‍ക്ക് കോവിഡ് അല്ലെങ്കില്‍ ഫ്‌ലൂ വാക്സിന്‍ ലഭിക്കാന്‍ സാഹചര്യമുണ്ടെങ്കില്‍ അത് തീര്‍ച്ചയായും സ്വീകരിക്കണം എന്നാണ് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. ഒക്ടോബര്‍ ഒന്നു മുതല്‍ ഇംഗ്ലണ്ടിലെ ഈ വര്‍ഷത്തെ വാക്സിന്‍ പദ്ധതി ആരംഭിച്ചിട്ടുണ്ട്. 2026 ജനുവരി 31ന് 75 വയസോ അതിനു മുകളിലോ ഉള്ളവര്‍ക്കും, കെയര്‍ഹോം അന്തേവാസികള്‍ക്കുമാണ് ഇത് നല്‍കുന്നത്. ആസ്ത്മ പോലുള്ള രോഗാവസ്ഥകള്‍ ഉള്ളവര്‍ക്കും വാക്സിന്‍ ലഭിക്കും.

കോവിഡ് ആണെങ്കിലും ഫ്‌ലൂ ആണെങ്കിലും രോഗം വരുന്നത് പൂര്‍ണ്ണമായും തടയാന്‍ വാക്സിന് കഴിയില്ലെങ്കിലും, അതിനുള്ള സാധ്യത പരമാവധി കുറയ്ക്കാന്‍ കഴിയും. അതുപോലെ ലക്ഷണങ്ങള്‍ കൂടുതല്‍ ഗുരുതരമാകാതെ കാത്ത് സൂക്ഷിക്കുകയും ചെയ്യും. ഫ്‌ലൂ വാക്സിന്‍ 65 വയസിന് മേല്‍ പ്രായമുള്ളവര്‍ക്ക് ലഭിക്കുമ്പോള്‍, ആര്‍ എസ് വി വാക്സിന്‍ നല്‍കുന്നത് 75നും 79 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ്. അതിനോടൊപ്പം വീടിന് പുറത്ത് ചെലവഴിക്കുന്ന സമയങ്ങളില്‍ മാസ്‌ക് ധരിക്കാന്‍ ശ്രദ്ധിക്കണമെന്നും വിദഗ്ധര്‍ ഉപദേശിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*