‘ഞാന്‍ ആര്‍ക്കും അപേക്ഷ കൊടുത്തിട്ടില്ല’; യുഡിഎഫിലേക്കില്ലെന്ന് വിഷ്ണുപുരം ചന്ദ്രശേഖരൻ

കേരള കാമരാജ് കോൺഗ്രസ് യുഡിഎഫിലേക്കില്ലെന്ന് വിഷ്ണുപുരം ചന്ദ്രശേഖരൻ. താൻ എൻഡിഎയിൽ വൈസ് ചെയർമാനാണ്. തനിക്ക് സംഘപരിവാർ പശ്ചാത്തലമുള്ളയാളാണ്. 14-ാം വയസ്സുമുതൽ താൻ സ്വയം സേവകനാണ്. ഇപ്പോഴും അങ്ങനെ തന്നെയാണ്. താൻ യുഡിഎഫിൽ ചേരാൻ അപേക്ഷ നൽകിയിട്ടുണ്ടെങ്കിൽ, യുഡിഎഫ് നേതൃത്വം അത് പുറത്തു വിടണമെന്ന് വിഷ്ണുപുരം ചന്ദ്രശേഖരൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

എൻഡിഎയിൽ തനിക്ക് അഭിപ്രായവ്യത്യാസമുണ്ട്. ഘടകകക്ഷികളെ വേണ്ട വിധം മാനിക്കാത്ത ബിജെപിയുടെ പ്രവർത്തനത്തോട് അഭിപ്രായവ്യത്യാസമുണ്ട്. അഭിപ്രായവ്യത്യാസം പരിഹരിക്കാനുള്ള കരുത്ത് തനിക്കുണ്ട്. അല്ലെങ്കിൽ പരിവാർ പ്രസ്ഥാനങ്ങൾ ഇടപെട്ട് പ്രശ്നം പരിഹരിക്കും. താനിങ്ങനെ അപേക്ഷ കൊടുത്തു എന്നു പറയുന്നത് ശരിയല്ല. യുഡിഎഫ് നേതാക്കളുമായി ഈ വിഷയത്തിൽ ചർച്ച നടത്തിയിട്ടില്ലെന്നും വിഷ്ണുപുരം ചന്ദ്രശേഖരൻ പറഞ്ഞു.

താൻ ഇപ്പോഴും ഒരു സ്വയം സേവകനാണെന്നും എൻഡിഎ മുന്നണിയുമായി പല അതൃപ്തികളുമുണ്ടെങ്കിലും മുന്നണിയിൽ നിന്ന് ചാടിപ്പോകാൻ മാത്രം അതൃപ്തിയില്ലെന്നും വിഷ്ണുപുരം ചന്ദ്രശേഖരൻ പറഞ്ഞു. രാജീവ് ചന്ദ്രശേഖരൻ ബിജെപി സംസ്ഥാന പ്രസിഡന്റ് ആയശേഷം അത്യാവശ്യം അം​ഗീകാരം കിട്ടിയിട്ടുണ്ട്. മുന്നണി മാറാൻ വിഎസ്ഡിപിക്ക് പ്രതിനിധി സഭ കൂടണം. പാർട്ടിക്ക് സംസ്ഥാന കമ്മിറ്റി കൂടാതെ തീരുമാനമെടുക്കാൻ സാധിക്കില്ല.

എൻഡിഎ കാണിക്കുന്ന രാഷ്ട്രീയ സമീപനം ആർക്കും അം​ഗീകരിക്കാൻ സാധിക്കുന്നതല്ല. തന്റെ പാർട്ടിക്ക് ഒരു സീറ്റ് മാത്രമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിക്കാനായത്. ഘടകകക്ഷികൾക്ക് വോട്ട് ചെയ്യാനുള്ള വൈമനസ്യം ബിജെപിക്ക് ഉണ്ട്. ഇക്കാര്യം അടുത്ത മുന്നണി യോ​ഗത്തിൽ ഉന്നയിക്കും. പറയുന്ന കാര്യങ്ങളെല്ലാം എഴുതിയെടുക്കുകയും, പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്യുന്ന രാജീവ് ചന്ദ്രശേഖർ ഉള്ളപ്പോൾ മറ്റൊരു തീരുമാനം ഇപ്പോഴെടുക്കേണ്ട സാഹചര്യമില്ലെന്നും വിഷ്ണുപുരം ചന്ദ്രശേഖരൻ പറഞ്ഞു. അസോസിയേറ്റ് അം​ഗമാക്കാനുള്ള യുഡിഎഫ് തീരുമാനമാണ് വിഷ്ണുപുരം ചന്ദ്രശേഖരന്റെ അതൃപ്തിക്ക് കാരണമെന്നാണ് റിപ്പോർട്ട്.

Be the first to comment

Leave a Reply

Your email address will not be published.


*