ഉമ്മന്‍ചാണ്ടിയുടെ പേര് പോലും പറയാത്തതില്‍ ലജ്ജിക്കുന്നു; പറയാന്‍ ഉദ്ദേശിച്ചത് അതെന്ന് തരൂര്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിസ്മരിച്ചെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഔദ്യോഗിക പ്രഭാഷകരില്‍ ആരും ഉമ്മന്‍ചാണ്ടിയുടെ പേര് പോലും പരാമര്‍ശിച്ചില്ലെന്നും ഇതില്‍ താന്‍ ലജ്ജിക്കുന്നുവെന്നും തരൂര്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. ഉമ്മന്‍ചാണ്ടിയുടെ സംഭാവനകളെക്കുറിച്ച് സംസാരിക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നു. എന്നാല്‍ തനിക്ക് സംസാരിക്കാന്‍ അവസരം ലഭിച്ചില്ല. കേരളം ആഘോഷിച്ച പ്രവൃത്തികള്‍ക്ക് തുടക്കമിട്ടത് ഉമ്മന്‍ചാണ്ടിയാണെന്നും തരൂരിന്‍റെ കുറിപ്പില്‍ പറയുന്നു

‘വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക കമ്മീഷന്‍ ചെയ്ത ഈ ദിവസത്തില്‍ ഈ പദ്ധതിക്ക് നേതൃത്വം നല്‍കിയ, യഥാര്‍ത്ഥ കമ്മീഷനിംഗ് കരാറില്‍ ഒപ്പുവെച്ച്, ഇന്ന് നമ്മള്‍ ആഘോഷിച്ച പ്രവൃത്തികള്‍ക്ക് തുടക്കമിട്ട, അന്തരിച്ച മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ശ്രദ്ധേയമായ സംഭാവനകളെ അനുസ്മരിക്കാന്‍ ഈ അവസരം വിനിയോഗിക്കുന്നു. ഔദ്യോഗിക പ്രഭാഷകരില്‍ ആരും അദ്ദേഹത്തിന്റെ പേര് പോലും പരാമര്‍ശിക്കാത്തതില്‍ ലജ്ജിക്കുന്നു – അദ്ദേഹത്തിന്റെ സംഭവനകളെക്കുറിച്ച് സംസാരിക്കാന്‍ ഉദ്ദേശിച്ചിരുന്ന എനിക്കാണെങ്കില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചതുമില്ല’, തരൂര്‍ എക്സില്‍ കുറിച്ചു.

ഇന്നലെയായിരുന്നു വിഴിഞ്ഞം തുറമുഖം രാജ്യത്തിന് പ്രധാനമന്ത്രി സമര്‍പ്പിച്ചത്. ഉദ്ഘാടന വേളയില്‍ നടത്തിയ പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ നാള്‍വഴിയെക്കുറിച്ച് വിവരിച്ചിരുന്നു. എന്നാല്‍ പദ്ധതിയുടെ അനുമതിയടക്കം വാങ്ങുകയും നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയും ചെയ്ത ഉമ്മന്‍ചാണ്ടിയുടെ പേര് അദ്ദേഹം പരാമര്‍ശിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ശശിതരൂരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രിമാരായ സര്‍ബാനന്ദ സോനോവാള്‍, ജോര്‍ജ് കുര്യന്‍, സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാരായ വി ശിവന്‍കുട്ടി, ജിആര്‍ അനില്‍, സജി ചെറിയാന്‍, എംപിമാരായ ശശി തരൂര്‍, അടൂര്‍ പ്രകാശ്, എഎ റഹിം, എം വിന്‍സന്റ് എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്‍, ഗൗതം അദാനി, കരണ്‍ അദാനി, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ എന്നിവരായിരുന്നു ഉദ്ഘാടന വേദിയില്‍ ഉണ്ടായിരുന്നത്.

 

Be the first to comment

Leave a Reply

Your email address will not be published.


*