വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം; രണ്ടാംഘട്ട നിർമാണോദ്ഘാടനം ഇന്ന്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രണ്ടാംഘട്ട വികസനത്തിൻ്റെ നിർമാണോദ്ഘാടനം ഇന്ന് വൈകുന്നേരം 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.കേന്ദ്ര തുറമുഖം മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയാകും.10,000 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ 2028 ൽ പൂർത്തിയാവും. ഇതോടെ വിഴിഞ്ഞത്തിന്റെ സ്ഥാപിതശേഷി പ്രതിവർഷം 57 ലക്ഷം കണ്ടെയ്നറുകളായി വർധിക്കും.

ആകെ 10,000 കോടി രൂപ ചെലവ് വരുന്ന നിർമാണമാണ് വിഴിഞ്ഞം തുറമുഖത്ത് രണ്ടാം ഘട്ടത്തില്‍ നടക്കുന്നത്.റെയിൽവേ യാർഡ്,മൾട്ടി പർപ്പസ് ബെർത്ത്,ലിക്വിഡ് ടെർമിനൽ,ടാങ്ക് ഫാം എന്നിവയും രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്നുണ്ട്. വിഴിഞ്ഞത്ത് ഇതിനകം 710 കപ്പലുകളിൽ നിന്നായി 15.19 ലക്ഷം കണ്ടെയ്നറുകളാണ് കൈകാര്യം ചെയ്തിട്ടുള്ളത്. 2028ൽ വിഴിഞ്ഞം പൂർണ സജ്ജമാകുന്നതോടെ തുറമുഖത്തിന്റെ ശേഷി അഞ്ചിരിട്ടയായി ഉയരും.

28,000 TEU വരെ ശേഷിയുള്ള ലോകത്തിലെ അടുത്ത തലമുറ കപ്പലുകളെ സ്വീകരിക്കാൻ വിഴിഞ്ഞം സജ്ജമാവും.വിഴിഞ്ഞം തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡും ഇന്ന് ഉദ്ഘാടനം ചെയ്യും.ഇതോടെ റോഡ് മാർഗ്ഗമുള്ള ചരക്ക് നീക്കത്തിന് സാധിക്കും.2015 ഡിസംബർ 5 നാണ് വിഴിഞ്ഞം തുറമുഖ നിർമാണം ആദ്യഘട്ടം ആരംഭിക്കുന്നത്.2023 ഒക്ടോബർ 15നു വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ ഷെൻ ഹുവ 15 എത്തി.

2024 ജൂലൈ 12 ന് ട്രയൽ റൺ ആരംഭിച്ചു. 2024 ഡിസംബർ 3ന് വാണിജ്യാടിസ്ഥാനത്തിൽ ഔദ്യോഗികമായി പ്രവർത്തനം തുടങ്ങി. 2025 മെയ് 2ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഔദ്യോഗികമായി കമ്മീഷൻ ചെയ്തു. 2025 ജൂൺ 09 ന് ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എം.എസ്.സി ഐറിന വിഴിഞ്ഞത്തെത്തി. 2025 ഡിസംബറിൽ ഒരു മാസം 1.21 ലക്ഷം കണ്ടെയ്നർ കൈകാര്യം ചെയ്ത് റെക്കോർഡ് നേട്ടവും വിഴിഞ്ഞം അന്തരാഷ്ട്ര തുറമുഖം കൈവരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*