കൊല്ലത്ത് പൊതുസമ്മതനല്ലാത്ത വ്യക്തിയെ മേയർ സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയത് തിരിച്ചടിയെന്ന് സിപിഐഎം റിപ്പോർട്ട്. ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും മേയർ സ്ഥാനാർഥിയുമായിരുന്ന വി കെ അനിരുദ്ധൻ ജില്ലാ കമ്മിറ്റിയിൽ നിന്ന് വികാരീതനായി ഇറങ്ങിപ്പോയി. കൊല്ലം കോർപ്പറേഷൻ തോൽവിയെ കുറിച്ചുള്ള റിപ്പോർട്ടിങിനിടയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിൽ നിന്നാണ് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം വി കെ അനിരുദ്ധൻ ഇറങ്ങി പോയത്. നാടകവും, സാമ്പശിവൻ്റെ കഥാപ്രസംഗവും കണ്ടാണ് സി പി ഐ എമ്മിൽ എത്തിയതെന്നും പാർട്ടിയാണ് തനിക്ക് എല്ലാമെന്നും വി കെ അനിരുദ്ധൻ ജില്ലാ കമ്മിറ്റി യോഗത്തിൽ മറുപടി നൽകി. ഇതിന് ശേഷമായിരുന്നു വി കെ അനിരുദ്ധൻ കമ്മിറ്റിയിൽ നിന്ന് ഇറങ്ങിപ്പോയത്.
അതേസമയം, കൊല്ലം കോർപ്പറേഷനിൽ മുൻ ചരിത്രങ്ങൾ തിരുത്തിക്കുറിച്ചുകൊണ്ടാണ് യു.ഡി.എഫ്. തേരോട്ടം. ഇതോടെ കൊല്ലത്തെ കാൽനൂറ്റാണ്ടുകാലത്തെ ഇടതു ഭരണത്തിനാണ് അന്ത്യം കുറിച്ചത്. സംസ്ഥാനത്ത് മുൻപ് ശക്തമായ യു ഡി എഫ് തരംഗത്തിൽ പോലും ഇളകാതിരുന്ന കൊല്ലം കോർപ്പറേഷനിലെ കനത്ത തോൽവി എൽ ഡി എഫിന് കനത്ത ആഘാതമാണ് സമ്മാനിച്ചത്.
കോൺഗ്രസ് 22 ഇടങ്ങളിലും ,ആർ എസ് പി മൂന്ന് ഇടങ്ങളിലും മുസ്ലിം ലീഗ് രണ്ട് ഇടങ്ങളിലും വിജയിച്ചു. കഴിഞ്ഞ തവണ 38 സീറ്റിൽ വിജയിച്ച എൽഡിഎഫ് 16 സീറ്റിലേക്ക് ഒതുങ്ങി.സിപിഎം 13 ഇടത്തും,സിപിഐ മൂന്ന് ഇടങ്ങളിലുമാണ് ജയിച്ചത് .6 സീറ്റിൽ നിന്നാണ് 12 സീറ്റിലേക്കുള്ള ബി ജെ പി യുടെ കുതിച്ച് ചാട്ടം. മിന്നും പ്രകടനമാണ് ബി ജെ പി കൊല്ലത്ത് കാഴ്ച വച്ചത്.



Be the first to comment