എറണാകുളം: മുൻമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വികെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു. ശ്വാസകോശ അർബുദം ബാധിച്ച് ദീർഘനാളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിൻ്റെ അന്ത്യം എറണാകുളം ലേക്‌ഷോർ ആശുപത്രിയിൽ വച്ചായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിൻ്റെ മരണം വൈകിട്ട് മൂന്നരയോടെയാണ് സ്ഥിരീകരിച്ചത്.
ഇന്ത്യൻ യൂണിയൻ മുസ്‍ലിം ലീഗിൻ്റെ വിദ്യാർഥി സംഘടനയായ മുസ്‍ലിം സ്റ്റുഡൻ്റ്സ് ഫെഡറേഷനിലൂടെയാണ് വികെ ഇബ്രാഹിം കുഞ്ഞ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. പിൽക്കാലത്ത് മുസ്‍ലിം ലീഗിൻ്റെ പ്രമുഖ നേതാവായും മന്ത്രിയായും അദ്ദേഹം ഉയർന്നു. വിദ്യാർഥി സംഘടനാ നേതാവായിരിക്കെ വിദ്യാർഥികളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി ശ്രദ്ധേയനായി. പിന്നീട് യൂത്ത് ലീഗിൻ്റെയും മുസ്‍ലിം ലീഗിൻ്റെയും ഭാരവാഹി സ്ഥാനങ്ങളിൽ കാൽ നൂറ്റാണ്ടോളം കാലം അദ്ദേഹം സജീവമായി പ്രവർത്തിച്ചു.
പാർലമെൻ്ററി രംഗം
തുടർച്ചയായി നാല് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വികെ ഇബ്രാഹിം കുഞ്ഞ് രണ്ട് തവണ മന്ത്രിസ്ഥാനവും വഹിച്ചു. 2001, 2006 വർഷങ്ങളിൽ മട്ടാഞ്ചേരി മണ്ഡലത്തിൽ നിന്നുമാണ് അദ്ദേഹം നിയമസഭയിലെത്തിയത്. മണ്ഡല പുനർനിർണയത്തിന് ശേഷം മട്ടാഞ്ചേരി കൊച്ചിയായി മാറിയതോടെ അദ്ദേഹം കളമശേരിയിലേക്ക് മാറുകയായിരുന്നു. 2011, 2016 വർഷങ്ങളിൽ കളമശേരി മണ്ഡലത്തിൽ നിന്നുമാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. പികെ കുഞ്ഞാലിക്കുട്ടി രാജി വച്ചതിനെ തുടർന്ന് 2005ലാണ് വ്യവസായ വകുപ്പ് മന്ത്രി സ്ഥാനത്തേക്ക് അദ്ദേഹത്തിൻ്റെ വിശ്വസ്തനായ ഇബ്രാഹിം കുഞ്ഞ് എത്തിയത്. ഈ കാലയളവിലാണ് അദ്ദേഹം തൻ്റെ ഭരണപരമായ പാടവം തെളിയിച്ചത്. അന്ന് ഒരു വർഷം മാത്രമാണ് അദ്ദേഹത്തിന് ഭരണത്തിൽ തുടരാൻ കഴിഞ്ഞത്. പിന്നീട് 2011ൽ യുഡിഎഫ് അധികാരത്തിലെത്തിയതോടെ വികെ ഇബ്രാഹിം കുഞ്ഞ് പൊതുമരാമത്ത് മന്ത്രിയായി ചുമതലയേറ്റു.
അംഗീകാരങ്ങളും പദവികളും
പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്ത് മികച്ച മന്ത്രിയെന്ന നിലയിൽ അദ്ദേഹം ഏറെ പ്രശംസിക്കപ്പെട്ടു. 2012ൽ കേരള രത്ന പുരസ്കാരവും, 2013ൽ മികച്ച മന്ത്രിക്കുള്ള കേളീ കേരള പുരസ്കാരവും അദ്ദേഹം കരസ്ഥമാക്കി. യുഎസ്എ ഇൻ്റർനാഷണൽ റോഡ് ഫെഡറേഷൻ അവാർഡ് ഉൾപ്പെടെയുള്ള രാജ്യാന്തര അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ഡയറക്ടർ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് അംഗം, ഗോശ്രീ ഐലൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെൻ്റ് അതോറിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം തുടങ്ങിയ ഉന്നത സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
വിവാദങ്ങളും തിരിച്ചടികളും
മന്ത്രിയായിരിക്കെ നിരവധി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയെങ്കിലും പാലാരിവട്ടം പാലം നിർമാണ ക്രമക്കേടിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിൽ അഞ്ചാം പ്രതിയായത് അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ജീവിതത്തിലെ വലിയ തിരിച്ചടിയായി. കാൻസർ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയവെ 2020 നവംബർ 18നാണ് വിജിലൻസ് അദ്ദേഹത്തിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അന്ന് മജിസ്ട്രേറ്റ് ആശുപത്രിയിൽ നേരിട്ടെത്തിയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. എന്നാൽ ആരോഗ്യ കാരണങ്ങൾ പരിഗണിച്ച് പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 2021ൽ കളമശേരി മണ്ഡലത്തിൽ നിന്നും വീണ്ടും നിയമസഭയിലേക്ക് മത്സരിക്കാൻ ഇബ്രാഹിം കുഞ്ഞ് ശ്രമിച്ചെങ്കിലും പാർട്ടിയും മുന്നണിയും താത്പര്യം പ്രകടിപ്പിച്ചില്ല. ഇതോടെ തൻ്റെ പിൻഗാമിയായി മകൻ വിഇ അബ്ദുൽ ഗഫൂറിനെ മത്സരിപ്പിച്ചെങ്കിലും പി രാജീവിനോട് പരാജയപ്പെട്ടു.
നിലവിൽ മുസ്‍ലിം ലീഗിൻ്റെ ഉന്നത അധികാര സമിതി അംഗമായും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചു വരികയായിരുന്നു. 1952 മെയ് 20ന് എറണാകുളം ജില്ലയിലെ കൊങ്ങോർപ്പിള്ളിയിൽ വി യു ഖാദറിൻ്റെയും ചിത്തുമ്മയുടെയും മകനായാണ് ഇബ്രാഹിം കുഞ്ഞിൻ്റെ ജനനം. നദീറയാണ് ഭാര്യ. വിഇ അബ്ദുൽ ഗഫൂർ, വിഇ അബ്ബാസ്, വിഇ അനൂപ് എന്നിവരാണ് മക്കൾ.



Be the first to comment