ന്യൂഡൽഹി: ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ഇരു രാജ്യങ്ങളുടെയും താത്‌പര്യങ്ങൾ സംരക്ഷിക്കുക എന്നതിനെ ലക്ഷ്യമിടുന്നെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമർ പുടിൻ. ഇത് മറ്റൊരു രാജ്യത്തെയും ലക്ഷ്യം വച്ചുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു വ്‌ളാഡിമർ പുടിൻ.
റഷ്യയുമായുള്ള സുദൃഢമായ ബന്ധം കാരണം ആഗോള വിപണികളിൽ ഇന്ത്യ വികസിക്കുന്നതിൽ ചിലർ അസ്വസ്ഥരാണെന്ന് പുടിൻ അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഉത്‌പന്നങ്ങൾക്ക് യുഎസ് 50 ശതമാനം തീരുവ ഏർപ്പെടുത്തിയതിനെ തുടർന്ന് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം ഘട്ടത്തിലൂടെ ഇന്ത്യ-യുഎസ് ബന്ധം കടന്നുപോകുന്ന സമയത്താണ് അദ്ദേഹത്തിൻ്റെ പരാമർശം.
രാഷ്‌ട്രീയ കുതന്ത്രങ്ങൾ മെനഞ്ഞ് ഇന്ത്യയ്‌ക്ക് റഷ്യയ്‌ക്ക് മേലുള്ള സ്വാധീനം തകർക്കാൻ മറ്റ് കക്ഷികൾ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് പാശ്ചാത്യ ഉപരോധങ്ങൾ ഇന്ത്യയുമായുള്ള ഊർജ സഹകരണത്തെ ബാധിച്ചിട്ടില്ലെന്നും പുടിൻ ഊന്നിപ്പറഞ്ഞു. ഇന്നലെ (ഡിസംബർ 4) വൈകുന്നേരമാണ് ദ്വിദിന സന്ദർശനത്തിനായി പുടിൻ ന്യൂഡൽഹിയിൽ എത്തിയത്. പ്രധാനമന്ത്രി നേരന്ദ്ര മോദിയുമായി ഉച്ചകോടി ചർച്ചകൾ ഉടൻ നടത്തും.
“ഞാനോ പ്രധാനമന്ത്രി മോദിയോ ചില ബാഹ്യ സമ്മർദങ്ങൾ നേരിടേണ്ടി വന്നിട്ടും ഞങ്ങളുടെ സഹകരണത്തിനെയും പ്രവർത്തനത്തെയും തകർക്കാൻ ആർക്കും ഇതുവരെ സാധിച്ചിട്ടില്ല. യുഎസിനെ സംബന്ധിച്ചിടത്തോളം അവർക്ക് പ്രത്യേക അജണ്ടയുണ്ട്. ലക്ഷ്യങ്ങളുമുണ്ട്. അതേസമയം ഞങ്ങൾ സ്വന്തം താത്‌പര്യങ്ങൾക്കാണ് ശ്രദ്ധ നൽകുന്നത്. ആർക്കും എതിരല്ല. ഇപ്പോൾ ഇന്ത്യയുടെയും റഷ്യയുടെയും താത്‌പര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്നും” പുടിൻ പറഞ്ഞു.
യുഎസിന് ഇന്ത്യയിൽ നിന്ന് എണ്ണ വാങ്ങാമെങ്കിൽ ഇന്ത്യയ്‌ക്ക് എന്തുകൊണ്ട് ആയിക്കൂടാ..
തുടർന്ന് ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെക്കുറിച്ചുള്ള യുഎസിൻ്റെ എതിർപ്പ് നിരസിച്ച പുടിൻ, യുഎസിന് ഇന്ത്യയിൽ നിന്ന് എണ്ണ വാങ്ങാമെങ്കിൽ ഇന്ത്യയ്‌ക്ക് എന്തുകൊണ്ട് ആയിക്കൂടാ എന്ന ചോദ്യവും ഉന്നയിച്ചു. കൂടാതെ ഈ വർഷത്തെ ആദ്യ ഒമ്പത് മാസങ്ങളിൽ മൊത്തത്തിലുള്ള വ്യാപാര വിറ്റുവരവിൽ ഒരു നിശ്ചിത ഇടിവ് ഉണ്ടായിട്ടുണ്ട്. എങ്കിലും തങ്ങളുടെ വ്യാപാര വിറ്റുവരവ് മുമ്പത്തെപ്പോലെ തന്നെ തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പെട്രോളിയം ഉത്‌പന്നങ്ങളുടെയും എണ്ണയുടെയും വ്യാപാരം ഇന്ത്യയിൽ സുഗമമായി നടക്കുന്നു. “പ്രധാനമന്ത്രി മോദി സമ്മർദത്തിന് വഴങ്ങുന്ന ആളല്ല. ഇന്ത്യൻ ജനതയ്ക്ക് തീർച്ചയായും അവരുടെ നേതാവിൽ അഭിമാനിക്കാൻ കഴിയും. ഞങ്ങളുടെ ലക്ഷ്യം സംഘർഷം ഉണ്ടാക്കുകയല്ല. മറിച്ച് നിയമപരമായ അവകാശങ്ങൾ സംരക്ഷിക്കുക എന്നതാണെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.
സൈനിക-സാങ്കേതിക സഹകരണ മേഖലയിലെ സ്ഥിരത
യുക്രെയ്ൻ സംഘർഷത്തെക്കുറിച്ച് സംസാരിക്കവേ ഈ വിഷയത്തിൽ യുഎസ് മികച്ച ഒരു പരിഹാരം തേടുന്നുണ്ടെന്നാണ് താൻ വിശ്വസിക്കുന്നത്. ട്രംപ് സമാധാനപരമായ പരിഹാരമാണ് ലക്ഷ്യമിടുന്നത്. ശത്രുത അവസാനിപ്പിക്കാനും കൂടുതൽ ജീവൻ നഷ്‌ടപ്പെടുന്നത് തടയാനും ട്രംപ് ആഗ്രഹിക്കുന്നുവെന്നും പുടിൻ പറഞ്ഞു. അല്ലെങ്കിൽ റഷ്യയും യുക്രെയ്‌നും തമ്മിലുള്ള ഏറ്റുമുട്ടൽ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും രാഷ്‌ട്രീയ താത്‌പര്യങ്ങളോ സാമ്പത്തിക ലക്ഷ്യങ്ങളോ ഇതിന് പിന്നിൽ ഉണ്ടാകാമെന്നും പറഞ്ഞു.
ഉഭയകക്ഷി വ്യാപാരത്തെ സൂചിപ്പിച്ച് കൊണ്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹകരണ ശ്രമങ്ങളെ പ്രശംസിച്ചു. ഇരു രാജ്യങ്ങൾ തമ്മിലുള്ള സ്ഥിരത ഉറപ്പാക്കേണ്ടത് നിർണായകമാണെന്ന് പറഞ്ഞു. എസ്-400 മിസൈൽ സംവിധാനങ്ങളുടെ അധിക ബാച്ചുകൾ വാങ്ങാൻ ഇന്ത്യ മുമ്പോട്ട് വന്നതിൽ രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൻ്റെ വ്യത്യസ്ഥ തലങ്ങളെയാണ് സൂചിപ്പിക്കുന്നത്. സൈനിക-സാങ്കേതിക സഹകരണ മേഖലയിൽ കാണുന്ന വളരെ അപൂർവ്വമായ കാര്യങ്ങളിലൊന്നാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



Be the first to comment