ന്യൂഡൽഹി: യുക്രെയ്‌ൻ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമർ പുടിൻ. റഷ്യ- യുക്രെയ്‌ന്‍ സംഘർഷത്തിൽ തുടർച്ചയായി ശ്രദ്ധ ചെലുത്തിയതിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പുടിൻ ഇന്ന് (ഡിസംബർ 05) നടന്ന കൂടിക്കാഴ്‌ചയിൽ നന്ദി അറിയിച്ചത്. രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി കഴിഞ്ഞ ദിവസം രാജ്യ തലസ്ഥാനമായ ന്യൂഡൽഹിയിലെത്തിയ റഷ്യൻ പ്രസിഡൻ്റ് നിലവില്‍ ഇന്ത്യയിൽ തന്നെ തുടരുകയാണ്.
യുക്രെയ്‌നുമായുള്ള യുദ്ധത്തിൽ സമാധാനപരമായ ഒത്തുതീർപ്പ് ഉടൻ ഉണ്ടാകുമെന്നും അതിന് വേണ്ട നടപടികൾ എടുക്കുകയും ചെയ്യുമെന്ന് റഷ്യൻ പ്രസിഡൻ്റ് മോദിയുമായുള്ള കൂടിക്കാഴ്‌ചയിൽ അറിയിച്ചു. സമാധാന ചർച്ചകൾ തുടരുന്നതിനിടയിൽ സാധ്യമായ ഒത്തുതീർപ്പിനായി റഷ്യ അമേരിക്കയുമായി ചേർന്ന് ചർച്ചകൾ നടത്തുന്നെണ്ടെന്നും അദ്ദേഹം അറിയിച്ചു. നാല് വർഷമായി തുടരുന്ന യുദ്ധത്തിന് റഷ്യയുമായും യുക്രെയ്‌നുമായും സമാധാന കരാർ ഉണ്ടാക്കാൻ അമേരിക്ക നിലവിൽ മധ്യസ്ഥത വഹിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ-റഷ്യ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്‍റെ ആഴം കൂടിക്കാഴ്‌ചയില്‍ പുടിൻ പരാമർശിച്ചു. “നമ്മുടെ ബന്ധങ്ങൾ ചരിത്രത്തിൽ ആഴത്തിൽ വേരൂന്നിയതാണ്. ഇത് തുടർന്ന് പോകട്ടെ” -അദ്ദേഹം കൂട്ടിച്ചേർത്തു.
ഉഭയകക്ഷി സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിൽ പ്രധാനമന്ത്രി മോദിയുടെ വ്യക്തിപരമായ ഇടപെടലിനെയും പുടിൻ അഭിനന്ദിച്ചു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള വിശ്വാസത്തിൻ്റെ നിലവാരം എടുത്തുകാണിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. “നമ്മുടെ ബന്ധത്തിലുള്ള വിശ്വാസത്തിന് മേൽ വിവിധ മേഖലകളിൽ ഇന്ത്യയോടൊപ്പം മുന്നോട്ട് പോകാൻ ഞങ്ങൾ പദ്ധതിയിടുന്നു” എന്നും പുടിൻ കൂട്ടിച്ചേർത്തു. ഭാവിയില്‍ എഐ, വ്യോമ മേഖല, സാങ്കേതിക വിദ്യ, സൈനിക-സഹകരണം, ബഹിരാകാശ പര്യവേക്ഷണം എന്നിവയിലൂടെ ഇന്ത്യ- റഷ്യ സഹകരണം കൂടുതൽ ആഴത്തിലാക്കുമെന്നും റഷ്യൻ പ്രസിഡൻ്റ് വിശദീകരിച്ചു.
വിമാനത്താവളത്തില്‍ എത്തി മോദി പുടിനെ സ്വീകരിച്ചിരുന്നു. രാഷ്‌ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ഭവനില്‍ പുടിന് സ്വീകരണം ഒരുക്കിയിരുന്നു. ഇവിടെ നിന്ന് സൈനികരുടെയും ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം രാജ്ഘട്ടിൽ എത്തി മഹാത്മാഗാന്ധി സ്‌മാരകത്തില്‍ പുഷ്‌പാർച്ചന നടത്തി. വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് പുടിനൊപ്പം ഉണ്ടായിരുന്നു. 2021 ഡിസംബറിലാണ് പ്രധാനമന്ത്രിയുമായും റഷ്യൻ പ്രസിഡൻ്റ് അവസാന കൂടിക്കാഴ്‌ച നടത്തിയത്. പിന്നീട് ഇപ്പോഴാണ് ഇരുവരും ഒത്തുചേരുന്നത്.



Be the first to comment