എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അഭിനന്ദിച്ച് മന്ത്രി വി എന്‍ വാസവന്‍. പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളിയെന്ന് വി എൻ വാസവന്‍ പറഞ്ഞു. വര്‍ക്കല ശിവഗിരിയില്‍ നടന്ന എസ്എന്‍ഡിപി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ച്ചയായ മൂന്ന് പതിറ്റാണ്ടുകാലം സംഘടനയെ നയിച്ചുവെന്നും ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി അദ്ദേഹം വളര്‍ന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളമാകെ പറന്നുനടന്ന് സംഘടനയെ വളര്‍ത്തി. പ്രതിസന്ധികളെ അതിവിദഗ്ധമായി നേരിട്ടു. യൗവനത്തോടെ എല്ലാക്കാലവും സംഘടനയെ അദ്ദേഹം നയിച്ചു. ഇങ്ങനെയൊരു സംഘടനാ നേതാവിനെ കാണാനാകില്ലെന്നും വി എന്‍ വാസവന്‍ പറഞ്ഞു.
വര്‍ക്കലയില്‍ നിന്ന് നല്ലത് കേട്ടതില്‍ സന്തോഷമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. ചിലര്‍ തന്നെ കുറ്റം പറയാന്‍ നടക്കുകയാണ്. തന്നെക്കുറിച്ച് മോശം പറഞ്ഞ സ്ഥലമാണ് വര്‍ക്കല. പറഞ്ഞിട്ടും താന്‍ നന്നാവാത്തതുകൊണ്ട് പറച്ചില്‍ നിര്‍ത്തി. ഇപ്പോള്‍ അവരെയൊന്നും കാണാനില്ല. യൂണിയനിലെ വിമതരെയും വെള്ളാപ്പള്ളി വിമര്‍ശിച്ചു. നന്മ ചെയ്യുന്നവരെ കുറ്റം പറയുന്നത് നിര്‍ത്തണം. തന്നെ കളളുകച്ചവടക്കാരന്‍, പള്ളിക്കൂടത്തില്‍ പോകാത്തവന്‍ എന്നൊക്കെ പറഞ്ഞു പരത്തി. പക്ഷേ തന്റെ സമുദായം എവിടെ കിടക്കുന്നു എന്ന് തനിക്കറിയാം.



Be the first to comment