വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകത്തില്‍ മരിച്ച രാം നാരായണിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. മൃതദേഹം വിമാനമാര്‍ഗം നാട്ടിലെത്തിക്കും. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എംബാം ചെയ്ത ശേഷമാണ് കൈമാറിയത്.
രാം നാരായണന് നേരിട്ടത് ക്രൂര മര്‍ദനമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ദേഹമാസകലം മര്‍ദനമേറ്റു. തലയ്ക്കും ഗുരുതരമായി പരുക്കേറ്റു എന്നാണ് കണ്ടെത്തല്‍.
ദേഹത്ത് പരുക്കേല്‍ക്കാത്ത ഒരു ഇടവുമില്ലെന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ പോലീസ് സര്‍ജന്റെ വെളിപ്പെടുത്തല്‍ ശരിവെക്കുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. വടി അടക്കം ഉപയോഗിച്ച് മര്‍ദ്ദിച്ചത് ശരീരത്തില്‍ പ്രകടം. വാരിയല്ലുകള്‍ ഒടിഞ്ഞ് തറച്ചുകയറിയ നിലയിലാണ്. തലയിലും ക്രൂരമായ മര്‍ദ്ദനം ഏറ്റു. മസിലുകള്‍ ചതഞ്ഞരഞ്ഞ് ഞരമ്പുകള്‍ തകര്‍ന്നു. രക്തം തൊലിയിലേക്ക് പടര്‍ന്നു പിടിച്ചെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
നിലവില്‍ അറസ്റ്റിലായ അഞ്ചു പ്രതികള്‍ക്ക് പുറമെ കൃത്യത്തില്‍ ഉള്‍പ്പെട്ട മറ്റു പ്രതികള്‍ നാടുവിട്ടതായി സൂചനയുണ്ട്. റാം നാരായണനെ മര്‍ദ്ദിച്ചവരില്‍ സ്ത്രീകളും ഉണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. കേസില്‍ അറസ്റ്റിലായ പാലക്കാട് അട്ടപ്പള്ളം സ്വദേശികളായ അനു,പ്രസാദ്, മുരളി, വിപിന്‍ എന്നിവര്‍ ബിജെപി അനുഭാവികളാണെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. നാലാം പ്രതി ആനന്ദന് സിഐടിയു പ്രവര്‍ത്തകനാണ്.
കേസില്‍ SC/ST പീഡന നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തും. പ്രതികള്‍ വടി ഉപയോഗിച്ച് മുതുകിലും തലയിലും ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാമര്‍ശിക്കുന്ന റിമാന്‍ഡ് റിപ്പോര്‍ട്ടും പുറത്തുവന്നു. പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെന്നും പരിഷ്കൃത സമൂഹത്തിന്റെ യശസിന് കളങ്കം ഉണ്ടാക്കുന്ന സംഭവമെന്നും മുഖ്യമന്ത്രി പിണറായി വിജയന്.



Be the first to comment